ദോഹ: സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധന കർശനമാക്കിയപ്പോൾ കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ. മന്ത്രാലയത്തിന് കീഴിലെ മുനിസിപ്പൽ കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 17 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
ഭക്ഷ്യസുരക്ഷ മേഖലയിലെ ആരോഗ്യ ആവശ്യകതകളും അന്തർദേശീയ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള പരിശോധന കാമ്പയിനുകളാണ് ആറ് മുനിസിപ്പാലിറ്റികളിലായി മന്ത്രാലയം സംഘടിപ്പിച്ചത്. ഭക്ഷ്യനിയന്ത്രണം സംബന്ധിച്ച 1990ലെ എട്ടാം നമ്പർ നിയമങ്ങൾ ലംഘിച്ചതിനാണ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുകയും തയാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുക, നിറം, മണം, രുചി എന്നിവയിൽ മാറ്റം വന്ന പഴകിയ ഭക്ഷണം വിൽപന നടത്തലും പ്രദർശിപ്പിക്കലും, കാലാവധി കഴിഞ്ഞ ഭക്ഷണം വിൽപന നടത്തൽ തുടങ്ങി നിരവധി ലംഘനമാണ് കണ്ടെത്തിയത്.
അൽ ഷഹാനിയ മുനിസിപ്പാലിറ്റിയിൽ ആറ് ഭക്ഷ്യസ്ഥാപനങ്ങളാണ് മന്ത്രാലയം അടച്ചുപൂട്ടിയത്. നിയമലംഘനത്തിന്റെ സ്വഭാവവും ഗൗരവവും കണക്കാക്കി മൂന്ന് ദിവസം മുതൽ 10 ദിവസം വരെയാണ് ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
റയ്യാൻ മുനിസിപ്പാലിറ്റിയിൽ ഒരു സ്ഥാപനവും വക്റ മുനിസിപ്പാലിറ്റിയിൽ അഞ്ച് സ്ഥാപനങ്ങളും ഷമാൽ മുനിസിപ്പാലിറ്റിയിൽ മൂന്ന് ഭക്ഷ്യസ്ഥാപനങ്ങളും അടച്ചുപൂട്ടി. ഉംസലാൽ, ദോഹ എന്നിവിടങ്ങളിൽ ഓരോ സ്ഥാപനങ്ങളും അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.