ദോഹ: ഗൾഫ് മേഖലയിൽ അടുത്ത സൗഹൃദം നിലനിർത്തുന്ന രാഷ്ട്രങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ഊഷ്മളമാക്കി കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഖത്തർ സന്ദർശനം. കഴിഞ്ഞ ഡിസംബറിൽ സ്ഥാനമേറ്റശേഷം ആദ്യ ഖത്തർ സന്ദർശനത്തിനെത്തിയ കുവൈത്ത് അമീറിനെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇരുരാഷ്ട്രങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഹൃദ്യമായ സൗഹൃദത്തിന്റെ അടയാളം കൂടിയായി കുവൈത്ത് അമീറിനുള്ള ഖത്തറിന്റെ ഔദ്യോഗിക സ്വീകരണം.
തുടർന്ന് അമീരി ദിവാനിൽ കുതിരപ്പടയാളികളും ഒട്ടകനിരയും ഖത്തരി അർദ നൃത്തത്തിന്റെയും അകമ്പടിയോടെ കുവൈത്ത് അമീറിന് ആചാരപരമായ വരവേൽപ് നൽകി. കുവൈത്തിന്റെയും ഖത്തറിന്റെയും ദേശീയഗാനങ്ങളും ആലപിച്ചു. ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ പരമ്പരാഗത സൗഹൃദബന്ധം, ഉഭയകക്ഷി ബന്ധം വികസിപ്പിക്കൽ, മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ വിഷയങ്ങൾ, ഇടപെടലുകൾ എന്നിവ ചർച്ച ചെയ്തു. പ്രാദേശിക സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് സംയുക്ത നടപടി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകളെയും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെയും കുറിച്ച് ഇരുപക്ഷവും ചർച്ച നടത്തി.
ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, അമീരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി എന്നിവരും സ്വീകരണത്തിലും കൂടിക്കാഴ്ചയിലും പങ്കെടുത്തു. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയെയും കുവൈത്ത് അമീർ സന്ദർശിച്ചു. അൽ വജ്ബ പാലസിലായിരുന്നു കൂടിക്കാഴ്ച.
ശൈഖ് അലി ജറഹ് സബാഹ് അൽ മുഹമ്മദ് അസ്സബാഹ്, ശൈഖ് അബ്ദുല്ല ഫഹദ് അൽ മാലിക് അൽ സൽമാൻ അസ്സബാഹ്, കുവൈത്ത് നാഷനൽ ഗാർഡ് (കെ.എൻ.ജി) ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് സലാഹ് നാസർ അൽ അലി അൽ മുഹമ്മദ് അസ്സബാഹ്, ശൈഖ് ഫഹദ് സേലം സബാഹ് അൽ നാസർ അസ്സബാഹ്, ശൈഖ് ഡോ. തലാൽ ഫഹദ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് അബ്ദുല്ല സാലിം സബാഹ് അസ്സബാഹ്, ശൈഖ് മുബാറക് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, അമീരി ദിവാനിലെ മുതിർന്ന ഉദ്യോഗസഥർ എന്നിവർ കുവൈത്ത് അമീറിനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.