ദോഹ: ലോകത്തെ ഏറ്റവും വലിയ ടെക്നോളജി സമ്മേളനമായ ‘വെബ് സമ്മിറ്റി’ന് ഖത്തർ ആതിഥേയത്വമൊരുക്കും. അടുത്തവർഷം മാർച്ചിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സാങ്കേതിക വിദഗ്ധരും ശാസ്ത്രകാരന്മാരും രാഷ്ട്ര നേതാക്കളുമെല്ലാം പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്. അറബ്, വടക്കൻ ആഫ്രിക്ക മേഖലയിൽ തന്നെ ആദ്യമായാണ് ‘വെബ് സമ്മിറ്റ്’ എത്തുന്നത്. ഖത്തർ വിവര സാങ്കേതികമന്ത്രാലയമാണ് സമ്മേളന ആതിഥേയത്വം പ്രഖ്യാപിച്ചത്.
വരുംകാല ലോകത്തെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര പ്രമുഖരുടെ ഒത്തുചേരലായിരിക്കും സമ്മേളനം. ആയിരക്കണക്കിന് നിക്ഷേപകർ, സംരംഭകർ എന്നിവരും ‘വെബ് സമ്മിറ്റി’ൽ പ്രതിനിധികളായി പങ്കെടുക്കും. യൂറോപ്, വടക്കൻ അമേരിക്ക, തെക്കൻ അമേരിക്ക, ഏഷ്യൻ രാജ്യങ്ങളിൽ കേന്ദ്രീകൃതമായ ടെക് ലോകത്തെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ മിഡിലീസ്റ്റ്, ആഫ്രിക്ക, ഇന്ത്യ ഉൾപ്പെടെ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ നിർണായകമാവും ദോഹ വെബ് സമ്മിറ്റ്.
ലോകത്ത് അതിവേഗത്തിൽ സാങ്കേതിക മാറ്റങ്ങളെ ഉൾക്കൊള്ളുകയും നടപ്പാക്കുകയും ചെയ്യുന്നതിൽ മുൻ നിരയിലാണ് ഖത്തറിന്റെ സ്ഥാനം.
2021ലെ വേൾഡ് ഇക്കണോമിക് ഫോറം ഗ്ലോബൽ കോമ്പിറ്റിറ്റീവ്നസ് റിപ്പോർട്ടിൽ 28ാം റാങ്കിലായിരുന്നു ഖത്തർ. ടെക്നോളജി, അടിസ്ഥാന സൗകര്യ വികസനം, ഗവേഷണം, സൈബർ സെക്യൂരിറ്റി, നിർമിത ബുദ്ധി തുടങ്ങിയ മേഖലയിൽ വൻതോതിൽ രാജ്യം നിക്ഷേപം നടത്തുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനായിരത്തോളം സാങ്കേതിക വിദഗ്ധർ പങ്കെടുക്കുന്ന വെബ് സമ്മിറ്റിനാവും രാജ്യം വേദിയാവുന്നതെന്ന് വിവര സാങ്കേതിക മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഇ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.