ദോഹ: ഇ-സ്കൂട്ടർ, ബൈക്ക് യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമായി ദോഹ കോർണിഷും വെസ്റ്റ് ബേയും. സുസ്ഥിരവും സമാന്തരവുമായ ഗതാഗത മാർഗങ്ങൾ ഖത്തറിലുടനീളം ജനപ്രിയ സഞ്ചാര സംവിധാനങ്ങളായി മാറിയതോടെ, മൈക്രോ മൊബിലിറ്റിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള ഇടങ്ങളായി ദോഹ കോർണിഷും വെസ്റ്റ് ബേയും മാറിയെന്ന് വിദഗ്ധരും ശരിവെക്കുന്നു.
ഇ-സ്കൂട്ടർ, ബൈക്ക് യാത്രക്ക് സുരക്ഷിതവും അനുകൂലവുമായ സ്ഥലമായി യാത്രികർ ദോഹ കോർണിഷും വെസ്റ്റ്ബേയും തിരഞ്ഞെടുക്കുന്നു. മൈക്രോമൊബിലിറ്റി പാതകൾ രാജ്യത്തെ ഗതാഗത പദ്ധതിയുമായി സംയോജിപ്പിക്കുന്നതിലൂടെ ഖത്തറിലുടനീളം ഇ-സ്കൂട്ടർ യാത്ര എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ.
ഉപയോക്താക്കൾക്ക് എളുപ്പത്തിൽ എടുത്ത് ഉപയോഗിച്ച് തിരിച്ചേൽപിക്കാൻ കഴിയുന്ന ‘ലൈം’ ഇ-സ്കൂട്ടറുകൾ നിലവിൽ കോർണിഷിലും വെസ്റ്റ് ബേയിലുമാണ് ലഭ്യമാകുന്നത്. വൈകാതെതന്നെ ഇവ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്ന് ‘ലൈം’ മിഡിലീസ്റ്റ് ആഫ്രിക്ക റീജനൽ ജനറൽ മാനേജർ മുഹമ്മദ് അബൂ ഹുസൈൻ പറഞ്ഞു.
ഈ വർഷം ജനുവരിയിലാണ് ലൈം ഖത്തറിൽ പ്രവർത്തനമാരംഭിച്ചത്. വെസ്റ്റ് ബേയിലും കോർണിഷിലുമാണ് കമ്പനി പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഭാവിയിൽ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കും. ജി.സി.സി രാജ്യങ്ങളിലെ നഗരാസൂത്രണ പദ്ധതികളിൽ ഗതാഗതക്കുരുക്ക്, അപകടങ്ങൾ, വായുമലിനീകരണം തുടങ്ങിയവ കുറക്കാൻ സ്മാർട്ട്, മൈക്രോ മൊബിലിറ്റിയെയാണ് ഗവൺമെന്റുകൾ ആശ്രയിക്കുന്നത്.
നഗരപ്രദേശങ്ങളിലെ ജനസംഖ്യ വർധന വായു മലിനീകരണത്തിനിടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിഭവ സമ്മർദവും വർധിപ്പിക്കും. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 55 ശതമാനവും താമസിക്കുന്നത് നഗരപ്രദേശങ്ങളിലാണ്. 2050ഓടെ ഇത് 68 ശതമാനമായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ ഖത്തറുൾപ്പെടുന്ന ജി.സി.സി രാജ്യങ്ങൾ ഹരിത, വിഭവശേഷിയുള്ള നഗരങ്ങളിലായിരിക്കും നിക്ഷേപം നടത്തുക.
ഇതിലൂടെ കൂടുതൽ നഗര അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നു. ഖത്തർ ഗതാഗത മാസ്റ്റർ പ്ലാനിന്റെ പ്രധാന സവിശേഷതകളിലൊന്ന് സുസ്ഥിര ഗതാഗതത്തിലേക്കുള്ള പരിവർത്തനത്തെ പിന്തുണക്കുന്ന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.