ജനുവരി 19,20 തീയതികളിൽ പൊഡാർ പേൾ സ്കൂളിൽ നടക്കുന്ന
എജു കഫെയിൽ സിജിയുമായി സഹകരിച്ച്
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ദോഹ: കരിയർ കൗൺസലിങ്ങും ഭാവിയിലേക്ക് വഴിതുറക്കുന്ന ചർച്ച സെഷനുകളും മാത്രമല്ല, വിദ്യാർഥികൾക്ക് തങ്ങളുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന പ്രതിഭ തിരിച്ചറിയാനുള്ള അഭിരുചി പരീക്ഷയും ‘ഗൾഫ് മാധ്യമം - എജു കഫെ’ ഒരുക്കുന്നു.
ജനുവരി 19, 20 തീയതികളിലായി ദോഹ അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂൾ വേദിയാകുന്ന ‘എജു കഫെ’യിലെ ഏറ്റവും ആകർഷകമായ സെഷനാണ് ഇന്ത്യയിലെ തന്നെ പ്രശസ്തരായ വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശക സ്ഥാപനമായ സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) സംഘടിപ്പിക്കുന്ന അഭിരുചി നിർണയ പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്). ‘സി ഡാറ്റ്’ എന്ന രണ്ടു ദിവസങ്ങളിലായി നടക്കുന്ന എജു കഫെയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് 100 റിയാൽ ഫീസ് അടച്ചാൽ ‘സിജി സി ഡാറ്റ്’ എഴുതി തങ്ങളുടെ പ്രതിഭക്കും കഴിവിനും അനുസരിച്ചുള്ള അഭിരുചി തിരിച്ചറിയാനും, ആ വഴി ഉപരിപഠനത്തിനും തൊഴിലിനുമായി തിരഞ്ഞെടുക്കാനും കഴിയും.
എന്താണ് അഭിരുചി?
ജന്മസിദ്ധമായി ലഭിച്ച കഴിവുകളെയാണ് അഭിരുചി എന്ന് വിശേഷിപ്പിക്കുന്നത്. ഒരു കഴിവുമില്ലാതെ ആരും ലോകത്ത് ജനിക്കുന്നില്ല. എന്നാൽ ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്ന കഴിവുകളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുക എന്നതാണ് പ്രധാനം. പഠനരംഗത്തും പഠ്യേതര രംഗത്തും മികച്ച വിജയം നേടിയെടുക്കാൻ കുട്ടിയുടെ അഭിരുചി കണ്ടെത്തിയാൽ നിസ്സംശയം സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ഏതു കോഴ്സും തിരഞ്ഞെടുക്കുന്നത് അഭിരുചിക്കനുസൃതമാണെങ്കിൽ വലിയ ജീവിതവിജയം നേടാൻ സാധിക്കും.
എങ്ങനെ അഭിരുചി കണ്ടെത്താം?
ലോകത്ത് പരീക്ഷിച്ചു വിജയിച്ച അനേകം അഭിരുചി നിർണയ പരീക്ഷകളുണ്ട്. എന്നാൽ പാശ്ചാത്യ നാടുകളുടെ സാഹചര്യത്തിൽ നിർമിച്ച ഇത്തരം ടെസ്റ്റുകൾ നമ്മുടെ നാടിന്നനുയോജ്യമാവാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ സാഹചര്യങ്ങൾ മനസ്സിലാക്കി തയാറാക്കിയ അഭിരുചി നിർണയ പരീക്ഷകൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ നൽകുന്ന ‘സി-ഡാറ്റ്’ അതിനൊരു ഉദാഹരണമാണ്.
സി -ഡാറ്റ്
സിജി, കരിയർ ഗൈഡൻസ് രംഗത്തും വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് ഉന്നത വിജയം കൈവരിക്കാനുതകുന്ന പരിപാടികളും ഗവേഷണങ്ങളും നടത്തുന്ന ഇന്ത്യയിലെ പ്രമുഖ സന്നദ്ധ സംഘമാണ്. സിജിയുടെ ഗവേഷക വിഭാഗം തയാറാക്കി പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് കൃത്യമായ ദിശാ ബോധം നൽകിയ അഭിരുചി നിർണയപരീക്ഷയാണ് ‘സി ഡാറ്റ്’. ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന ടെസ്റ്റ് പൂർണമായും ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്.
‘സി ഡാറ്റ്’ ഫലത്തിന്റെ അടിസ്ഥാനത്തിൽ സിജിയുടെ വിദഗ്ധരായ കരിയർ കൗൺസിലർമാർ നൽകുന്ന വ്യക്തിഗത ഗൈഡൻസിൽ കുട്ടിയുടെ അഭിരുചിയും താൽപര്യങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തി വ്യക്തമായ കരിയർ പ്ലാൻ തയാറാക്കാൻ ഈ ടെസ്റ്റ് ഏറെ സഹായിക്കും. ഉന്നത വിദ്യാഭ്യാസത്തിന് തെരഞ്ഞെടുക്കേണ്ട കോഴ്സ്, സ്ഥാപനം, അഡ്മിഷൻ നേടാനുമുള്ള വഴികൾ എന്നിവയെല്ലാം ടെസ്റ്റ് കഴിഞ്ഞുള്ള കൗൺസലിങ്ങിലൂടെ വിശദീകരിക്കുന്നതാണ്. 20 മിനിറ്റ് വീതമുള്ള അഞ്ച് ടെസ്റ്റുകളും, 15ഉം 10ഉം മിനുറ്റുകളുള്ള ഓരോ ടെസ്റ്റുകളും ഉൾപ്പെടുന്നതാണ് ‘സി ഡാറ്റ്’. പഠിച്ചു തയാറെടുത്തു എഴുതേണ്ട പരീക്ഷയല്ലിത്. മറിച്ച് ചോദ്യങ്ങൾ കാണുമ്പോൾ കുട്ടികൾക്ക് മനസ്സിലാവുന്ന കാര്യങ്ങൾ മാത്രം എഴുതേണ്ട ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.