ദോഹ: വെറും വിമാനടിക്കറ്റുകളല്ല, ദുരിതത്തിൽ പെട്ട് ചങ്കിൽ സങ്കടം കെട്ടിനിൽക്കുന്നവരെ ജൻമനാട്ടിലെത്തിക്കാനുള്ള കനിവിൻെറ കൈത്താങ്ങുകളാണ്. ‘ഗൾഫ് മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കിയ ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിൽ പങ്കാളികളാകുന്ന ഉദാരമനസ്കർ കൂടുന്നു. പദ്ധതിയിലേക്ക് ഖത്തറിലെ സഫ വാട്ടർ 10 ടിക്കറ്റുകൾ സംഭാവന നൽകി. രാജ്യത്തിലെ കുടിവെള്ള വിതരണമേഖലയിലെ വിശ്വസ്തതയുടേയും പരിശുദ്ധിയുടേയും നാമമാണ് സഫ. ‘വിങ്സ് ഒാഫ് കംപാഷൻ’ ഏറെ മികച്ച സംരംഭമാണെന്നും പങ്കാളികളാകുന്നതിൽ നിറഞ്ഞ സന്തോഷമുണ്ടെന്നും കമ്പനി ഉടമ എ.കെ മുഹമ്മദ് അഷ്റഫ് പറഞ്ഞു.
നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന് പണമില്ലെന്ന കാരണത്താൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായി ‘ഗൾഫ് മാധ്യമ’വും ‘മീഡിയ വണ്ണും’ ചേർന്നൊരുക്കിയ പദ്ധതിയാണ് ‘വിങ്സ് ഒാഫ് കംപാഷൻ’. ഇന്ത്യൻ എംബസിയിൽ പേര് ചേർത്ത് യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട അർഹരാണ് സൗജന്യവിമാനടിക്കറ്റിനായി അപേക്ഷിക്കേണ്ടത്. https://woc.madhyamam.com/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റിനായി മേയ് 15 വരെ രജിസ്റ്റർ ചെയ്യാം.
കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവർക്കാണ് വിമാനടിക്കറ്റുകൾ നൽകുന്നത്.
നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഖത്തറിൽ 00974 5509 1170 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.