ദോഹ: ശൈത്യകാല ക്യാമ്പിങ് സീസൺ കൂടുതൽ സുരക്ഷിതമാക്കാൻ നടപടികൾ കടുപ്പിച്ച് അധികാരികൾ. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനും മികച്ച ക്യാമ്പിങ് സീസൺ സമ്മാനിക്കാനും നിരന്തര പരിശോധനയും ബോധവത്കരണ കാമ്പയിനുമാണ് നടത്തുന്നത്. പൊതു ഗതാഗത വകുപ്പ്, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ ടൂറിസം എന്നിവർ സംയുക്തമായാണ് ക്യാമ്പിങ് സീസൺ സുരക്ഷിതമാക്കാൻ രംഗത്തുള്ളത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കഴിഞ്ഞ മാസം സീലൈൻ മേഖലയിൽ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ആരംഭിച്ച ‘സുരക്ഷിത ക്യാമ്പിങ്’ ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുകയാണ്.
ക്യാമ്പിനെത്തുന്നവർക്ക് ഗതാഗത അവബോധം , പൊതു സുരക്ഷ മുൻഗണന, മരുഭൂമിയിൽ അപകടങ്ങൾ കുറക്കുന്നതിനുമായി രൂപകൽപന ചെയ്തതാണ് ഈ കാമ്പയിൻ.
കഴിഞ്ഞയാഴ്ച വെള്ളിയാഴ്ച മേഖലയിൽ മോട്ടോർ ബൈക്കുകൾ വാടകക്ക് നൽകുന്ന ഷോപ്പുകളിൽ സന്ദർശനം നടത്തി. ക്യാമ്പിങ് പ്രവർത്തനങ്ങളിലേർപ്പെടുന്ന വ്യക്തികളെയും മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും ബോധവത്കരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു സന്ദർശനം.ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനും സുരക്ഷ മാർഗനിർദേശങ്ങൾ നടപ്പിലാക്കാനും അപകടങ്ങൾക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ജീവനും സ്വത്തിനും സുരക്ഷ നൽകാനും എല്ലാവർക്കും സുരക്ഷിത ക്യാമ്പിങ് നൽകുന്നതിനുമാണ് ഈ കൂട്ടായ ശ്രമങ്ങളെന്നും ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.ക്യാമ്പിങ് സീസണിൽ ക്വാഡ് ബൈക്കുകളും ഓൾ ടെറൈൻ വാഹനങ്ങളും ഉപയോഗിക്കുന്നവർക്കാവശ്യമായ മാർഗനിർദേശങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹമദ് ട്രോമ സെന്റർ ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം നേരത്തെ നടപ്പാക്കിയിരുന്നു.
ടൂറിസ്റ്റ് വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വിശദീകരിച്ച് കൊണ്ട് 2018ലെ 20ാം നമ്പർ നിയമത്തിലെ നിർദേശങ്ങൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ ഖത്തർ ടൂറിസം സീലൈനിലെയും ഗരിയയിലെയും ഫോർ വീൽ ബൈക്കുകൾ വാടകക്ക് നൽകുന്ന സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.