ഇറാഖി കലാകാരൻ അഹമ്മദ് അൽ ബഹ്റാനിയുടെ ദ ഹാൻഡ് കാലാസൃഷ്ടി 

ലോകകപ്പ്: കളിയും കലയും സമ്മേളിക്കുന്ന കാലം

ദോഹ: ലോകകപ്പ് ഫുട്ബാളിനായി എത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത് രാജ്യത്തെ പൊതു കലാസൃഷ്ടികളുടെയും ശിൽപങ്ങളുടെയും അമൂല്യ ശേഖരം.

വിമാനത്താവളം മുതൽ മെട്രോ സ്റ്റേഷനുകൾ, ഹോട്ടലുകൾ, ഫാൻ സോണുകൾ എന്നിവിടങ്ങളിൽനിന്നും സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെയും സന്ദർശകരുടെയും യാത്രയിലുടനീളം ഒരുക്കിയത് നിരവധി കലാരൂപങ്ങളും കൂറ്റൻ പെയിന്റിങ്ങുകളുമാണ്.

സന്ദർശകർക്ക് ഇത് വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് മ്യൂസിയം പബ്ലിക് ആർട്ട് ഡയറക്ടർ അബ്ദുറഹ്മാൻ അഹ്മദ് അൽ ഇസ്ഹാഖ് പറഞ്ഞു.

ഖത്തർ മ്യൂസിയം പബ്ലിക് ആർട് ഡയറക്ടർ അബ്ദുറഹ്മാൻ അഹമദ് അൽ ഇസ്ഹാഖ്

സാധാരണ രീതിയിൽ കായികരംഗവുമായി ബന്ധപ്പെട്ടതോ, അല്ലെങ്കിൽ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള വിവിധ രൂപങ്ങളുമാണ് സ്ഥാപിക്കുക.

എന്നാൽ, ലോകകപ്പ് ഇതിൽനിന്നും തീർത്തും വിഭിന്നമാണ്. കായിക മേഖലയക്ക് പുറമെ, സൗഹൃദത്തിന്‍റെയും കൂടിച്ചേരലിന്‍റെയും മാനവികതയുടെയും കൂടി ആഘോഷമാണ് ലോകകപ്പ് ഫുട്ബാൾ -മ്യൂസിയം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 80ലധികം പൊതു കലാസൃഷ്ടികൾ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്.40 പുതിയ പൊതുകല സൃഷ്ടികൾ ലോകകപ്പ് ആകുമ്പോഴേക്ക് സ്ഥാപിക്കും.

ടൂർണമെന്റ് സമയത്ത് പബ്ലിക് ആർട്ട് വർക്കുകളുടെ എണ്ണം നൂറു കവിയും. രാജ്യത്തെ പൊതുസ്ഥലങ്ങളും കേന്ദ്രങ്ങളും വിശാലമായ ഔട്ട്ഡോർ ആർട്ട് മ്യൂസിയമായി മാറും -അബ്ദുറഹ്മാൻ അഹ്മദ് അൽ ഇസ്ഹാഖ് വിശദീകരിച്ചു.

കലാസൃഷ്ടികളിലധികവും പ്രാദേശിക, അറബ്, ഇസ്ലാമിക സംസ്കാരങ്ങളുമായി ബന്ധപ്പെട്ടതാണ്. വിദേശികൾ ഉൾപ്പെടെയുള്ള സമൂഹത്തിന്‍റെ മുൻധാരണകളെ തിരുത്താനുള്ള സുവർണാവസരമാണ് ലോകകപ്പ് നൽകുന്നത്.

പൊതു കലാസൃഷ്ടികൾ അതിന്റെ ഒരു പ്രധാന ഭാഗമാകും. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഉർസ് ഫിഷറിന്‍റെ കൂറ്റൻ ലാംപ് ബിയറിൽനിന്നും തുടങ്ങുന്നതാണ് പൊതു കലാരൂപങ്ങൾ. വിമാനത്താവളത്തിൽതന്നെ നിരവധി കലാരൂപങ്ങൾ സ്ഥാപിച്ചിട്ടുണ്ട് -അൽ ഇസ്ഹാഖ് പറഞ്ഞു. വിമാനത്താവളത്തിൽനിന്ന് മെട്രോയിലേക്കുള്ള യാത്രയിൽ ശൂന്യമായ മതിലുകളിൽ മനസ്സിനെ പിടിച്ചുനിർത്തുന്ന ചിത്രങ്ങളാണ് പതിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - World Cup: A time when sport and art meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.