ദോഹ: 2022 ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനായി ഖത്തർ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച് ഫിഫ. ഗുണനിലവാരം, വഴക്കം, വിശ്വാസ്യത എന്നിവയിൽ പവർ സ്റ്റേഷനുകളുടെ പ്രകടനത്തെയും ലോക ഫുട്ബാൾ ഗവേണിങ് ബോഡി പ്രത്യേകം ചൂണ്ടിക്കാട്ടി.
ടൂർണമെന്റിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ച് കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) നടത്തിയ അടിസ്ഥാന സൗകര്യവികസനം, ഗുണപരമായ നിക്ഷേപം, കരുതലോടെയുള്ള ആസൂത്രണം എന്നിവ വിശാലവും സമഗ്രവുമായിരുന്നു.
അതോടൊപ്പം യഥാസമയത്ത് പൂർണ സജ്ജമായിരുന്നെന്നും കഹ്റമക്ക് നൽകിയ ഔദ്യോഗിക പ്രശംസാപത്രത്തിൽ ഫിഫ പറഞ്ഞു. ലോകകപ്പിനായുള്ള തയാറെടുപ്പ് കാലയളവിലുടനീളം ഫിഫയുമായും സുപ്രീം കമ്മിറ്റിയുമായുമുള്ള കഹ്റമയുടെ ഫലപ്രദമായ സഹകരണ സമീപനത്തെയും ഫിഫ പ്രശംസിച്ചു.
കഹ്റമക്കൊപ്പമുള്ള ഫിഫയുടെ വർഷങ്ങളായുള്ള സഹകരണത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ടൂർണമെന്റിനുള്ള ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചറിൽ തങ്ങൾക്ക് ആത്മവിശ്വാസം ലഭിച്ചു. പ്രശ്നങ്ങളോ പരാജയങ്ങളോ ഇല്ലാതെ ടൂർണമെന്റ് കാലയളവിലെ ഇലക്ട്രിക് നെറ്റ്വർക്കിന്റെ കാര്യത്തിൽ മികച്ച സേവനമൊരുക്കാൻ കഹ്റമക്ക് കഴിഞ്ഞെന്നും ഫിഫ ചൂണ്ടിക്കാട്ടി.
മുൻ ലോകകപ്പ് പതിപ്പുകളിലേത് പോലെ അധിക ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കാതെ തന്നെ കഹ്റമയുടെ അടിസ്ഥാന സൗകര്യങ്ങളും ഫലപ്രദ പ്രവർത്തനങ്ങളും ടൂർണമെന്റിലുടനീളം പ്രധാന വൈദ്യുത ശൃംഖലയിൽ തന്നെ പൂർണമായും ആശ്രയിക്കാൻ സഹായിച്ചതായും ഫിഫ വ്യക്തമാക്കി.
കഹ്റമയുടെ കാര്യക്ഷമവും മികച്ചതുമായ നേട്ടം ലോകകപ്പ് ചരിത്രത്തിലെ മാതൃകയാണ്. ഭാവിയിലെ ലോകകപ്പ് ടൂർണമെന്റുകളിലും മറ്റ് രാജ്യാന്തര കായിക ചാമ്പ്യൻഷിപ്പുകളിലും ഇത് മാതൃകയാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതായും ഫിഫ കൂട്ടിച്ചേർത്തു.
ഖത്തറിന്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട അംഗീകാരവും നേട്ടവുമാണിതെന്നും ഫിഫയുടെ പ്രശംസയിൽ അഭിമാനിക്കുന്നതായും കഹ്റമ പ്രസിഡന്റ് എൻജി. ഈസാ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു. ലോകമെമ്പാടും പിന്തുടരേണ്ട ഗുണനിലവാരമുള്ള പ്രകടനത്തിൽ ആഗോളതലത്തിൽ മുൻനിരയിലെത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അൽ കുവാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.