ദോഹ: ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനുള്ള ഏഷ്യയിലെ മൂന്നാം റൗണ്ട് യോഗ്യത മത്സരത്തിൽ ഖത്തർ എ ഗ്രൂപ്പിൽ. ഇറാൻ, ഉസ്ബകിസ്താൻ, യു.എ.ഇ, കിർഗ് റിപ്പബ്ലിക്, ഉത്തര കൊറിയ എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. എ ഗ്രൂപ്പിൽ ഇറാനും ഖത്തറിനുമാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. 2026ൽ യു.എസ്, കാനഡ, മെക്സികോ എന്നിവ സംയുക്തമായാണ് ലോകകപ്പിന് ആതിഥ്യമരുളുന്നത്. കഴിഞ്ഞ ലോകകപ്പിൽ ആതിഥേയരെന്ന നിലയിൽ നേരിട്ട് യോഗ്യത നേടിയ ഖത്തർ അടുത്ത തവണ യോഗ്യത മത്സരം കളിച്ച് തന്നെ ലോകകപ്പിനെത്തും എന്നാണ് കളി വിദഗ്ധർ പറയുന്നത്. ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ, കുവൈത്ത് എന്നിവ ബി ഗ്രൂപ്പിലും ജപ്പാൻ, ആസ്ട്രേലിയ, സൗദി, ബഹ്റൈൻ, ചൈന, ഇന്തോനേഷ്യ എന്നിവ സി ഗ്രൂപ്പിലുമാണ്. സി ഗ്രൂപ്പാണ് താരതമ്യേന കടുപ്പമേറിയത്. 18 ടീമുകളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചതിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടും. ഓരോ ഗ്രൂപ്പിലെയും മൂന്നും നാലും സ്ഥാനക്കാരെ രണ്ടു ഗ്രൂപ്പുകളാക്കി റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ മത്സരിപ്പിച്ച് ഇതിലെ ഗ്രൂപ് ജേതാക്കൾക്കും ലോകകപ്പിൽ കളിക്കാം. ഒരു ടീമിന് ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിലൂടെയും കയറാൻ സാധ്യതയുണ്ട്. കിർഗ് റിപ്പബ്ലിക്, ഫലസ്തീൻ, ഇന്തോനേഷ്യ എന്നിവ ആദ്യമായാണ് ഏഷ്യൻ യോഗ്യത മത്സരത്തിന്റെ പ്രധാന റൗണ്ടിൽ എത്തുന്നത്. യോഗ്യത മത്സരങ്ങൾ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.