ദോഹ കോർണിഷിലെ ആഘോഷ കാഴ്ച (ഫയൽ ചിത്രം) 

ലോകകപ്പ് : നാടാകെ ആഘോഷം; കോർണിഷ് ഉത്സവത്തെരുവ്

ദോഹ: 29 ദിവസം നീണ്ടുു നിൽക്കുന്ന ഉത്സവകാലം. മൈതാനത്തെ കളിയേക്കാൾ ആവേശം പകർന്ന് രാവും പകലും തെരുവുകൾ ഉണർന്നുനിൽക്കുന്ന കാലം.

ലോകകപ്പിനായി അക്ഷമയോടെ കാത്തുനിൽക്കുന്ന ആരാധകരുടെ സ്വപ്നങ്ങൾക്കുമപ്പുറത്തെ ആഘോഷങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

നവംബർ 20ന് കിക്കോഫ് കുറിച്ച് ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന ലോകകപ്പ് പോരാട്ട നാളിൽ, കളിക്കളത്തിലെ 90 മിനിറ്റ് അങ്കകാഴ്ചക്കൊപ്പം വിരുന്നൊരുക്കുന്നത് ലോകം സമ്മേളിക്കുന്ന കലാപ്രകടനങ്ങളാവും. 28 ദിവസങ്ങളിൽ രാജ്യത്തിന്‍റെ 21 ഇടങ്ങളിലായി 90ലേറെ വിശിഷ്ട കലാപരിപാടികളാണ് സംഘാടകർ അണിയറിയിൽ സജ്ജീകരിക്കുന്നത്.

സ്റ്റേഡിയ പരിസരങ്ങൾ, കളി പ്രദർശിപ്പിക്കുന്ന ഫാൻസോണുകൾ എന്നിവിടങ്ങളിൽ സംഗീത-സാംസ്കാരിക പ്രദർശനങ്ങൾ, തെരുവഭ്യാസ പ്രകടനങ്ങൾ, കരകൗശല കലാവിരുന്നുകൾ, ദൃശ്യവിസ്മയങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകൂട്ടം പാരമ്പര്യകലാ പ്രകടനങ്ങൾ, പെർഫോമൻസ് ആർട്സ്, ഫിലിം പ്രദർശനങ്ങൾ അങ്ങനെ നീണ്ടുപോവുന്ന പട്ടികകൾ. കോർണിഷിലെ ഷെറാട്ടൺ ഹോട്ടൽ മുതൽ ഇസ്ലാമിക് മ്യൂസിയം പാർക്കുവരെ നീണ്ടു നിൽക്കുന്ന ആറ് കിലോമീറ്റർ ദൂരമാവും ആഘോഷങ്ങളുടെ കേന്ദ്രം. വിവിധ കലാപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ഭക്ഷ്യ-പാനീയ ഔട്ലെറ്റുകൾ ഒപ്പം കളികാഴ്ചകളുടെ പ്രദർശനവുമായി ബിഗ് സ്ക്രീനുകളും.

അൽ ബെയ്ത് സ്റ്റേഡിയം മുതൽ ലുസൈലിലും അൽ തുമാമയിലുമായി കളിമുറുകുമ്പോൾ ഗാലറി ടിക്കറ്റില്ലാത്ത നൂറായിരം കാണികളുടെ സംഗമകേന്ദ്രമായി ദോഹ കോർണിഷ് മാറും. ഒരേസമയം 1.20 ലക്ഷം ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള നീണ്ടുകിടക്കുന്ന കടൽത്തീരം തന്നെ കളിയുടെ കേന്ദ്രം. അൽ ബിദ്ദ പാർക്ക്, അൽഖോർ, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ ഫാൻ സോണുകൾ എന്നിവയും പതിനായിരങ്ങൾക്ക് ശേഷിയുള്ളതാണ്.

ലുസൈലിൽ പുതുതായി അണിഞ്ഞൊരുങ്ങിയ അൽമഹ ഐലൻഡിലെ തീം പാർക്ക് റൈഡുകളും മറ്റും വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്. എല്ലാ വിഭാഗം സന്ദർശകർക്കുമായി മുന്തിയ നിലവാരത്തിലും ശരാശരിയിലുമായി ഭക്ഷ്യ കേന്ദ്രങ്ങളുമൊരുങ്ങും.

റാസ് ബു ഫന്താസ് മെട്രോ സ്റ്റേഷനരികിൽ 'ദി അർകാഡിയ സ്പെക്ടാകുലർ ഡാൻസ് മ്യൂസിക് ഫെസ്റ്റിവലാണ് ആകർഷകമായി സംഘടിപ്പിക്കുന്നത്. 15,000ത്തോളം പേർക്ക് ഒരേസമയം ഇവിടെ പരിപാടി ആസ്വദിക്കാം. അൽ വക്റയിൽ എം.ഡി.എൽ ബീസ്റ്റ് നേതൃത്വത്തിലായിരിക്കും സംഗീത നൃത്തപരിപാടി. 5000ത്തോളം പേർക്ക് ആസ്വദിക്കാൻ കഴിയും. 974 സ്റ്റേഡിയത്തിനരികിലെ 974 ബീച്ച് ക്ലബ്, ലുസൈൽ ബൗൾവാഡ് എന്നിവിടങ്ങളും വൈവിധ്യമാർന്ന കലാവിരുന്നുകളുടെ വേദിയാകും.

ഇതിനുപുറമെ, വിനോദ സഞ്ചാര കേന്ദ്രങ്ങളായ മ്യൂസിയങ്ങൾ, സൂഖ് വാഖിഫ്, കതാറ, മിഷൈരിബ് ഡൗൺടൗൺ എന്നിവിടങ്ങളിലും കാണികളെ കാത്തിരിക്കുന്നത് ഉത്സവ പരിപാടികളാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒഴുകിയെത്തുന്ന കാണികൾക്ക് അവിശ്വസനീയമായ കാഴ്ചകളും അനുഭവങ്ങളുമായിരിക്കും കാത്തിരിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മാർക്കറ്റിങ് കമ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖാലിദ് അൽ മൗലവി പറഞ്ഞു.

Tags:    
News Summary - World Cup: Nationwide celebration; Cornish festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.