ദോഹ: മലയാളി താരം തഹ്സീൻ മുഹമ്മദ് എന്ന പതിനേഴുകാരന്റെ അരങ്ങേറ്റംകൊണ്ട് ശ്രദ്ധേയമായ ഖത്തറിന്റെ ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ ഗോൾ രഹിത സമനില. സൗദിയിലെ ഹുഫൂഫിൽ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തിൽ അഫ്ഗാനിസ്താന് മുന്നിലായിരുന്നു കൗമാരക്കാരും പുതുമുഖങ്ങളും അണിനിരന്ന ഖത്തറിന്റെ യുവസംഘം ഗോൾരഹിത സമനില വഴങ്ങിയത്. 2027 ഏഷ്യൻ കപ്പ് യോഗ്യതയും, ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്കുള്ള ബെർത്തും നേരത്തേ ഉറപ്പിച്ചതിനാൽ സീനിയർ താരങ്ങൾക്കെല്ലാം ഖത്തർ വിശ്രമം നൽകിയിരുന്നു. ഇതോടെയാണ് തഹ്സീൻ ഉൾപ്പെടെ പുതുമുഖങ്ങൾക്ക് അവസരം തെളിഞ്ഞത്.
കോച്ച് മാർക്വേസ് ലോപസിന്റെ െപ്ലയിങ് ഇലവനിൽ തന്നെ കണ്ണൂർ വളപട്ടണം സ്വദേശിയും ഇടം നേടി. മൂന്നാം നമ്പറിൽ വലതു വിങ്ങിൽ പന്തുതട്ടാൻ നിയോഗം ലഭിച്ച താരം, മധ്യനിരയിലേക്ക് ഒഴുക്കിന് തുടക്കം കുറിച്ചുകൊണ്ട് ഏൽപിച്ച ജോലി ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ആദ്യപകുതിയിൽ പൂർണ സമയവും, രണ്ടാം പകുതിയിൽ 15 മിനിറ്റോളവും കളിച്ച ശേഷം 60ാം മിനിറ്റിലാണ് തഹ്സീൻ കളം വിടുന്നത്. ഇതിനിടെ മുൻനിരയിലേക്ക് മികച്ച നീക്കങ്ങൾ ഒരുക്കിയും, ഗോളെന്നുറപ്പിച്ച ഏതാനും നീക്കങ്ങളിലേക്ക് പന്തെത്തിച്ചും സാന്നിധ്യമറിയിച്ചു. പന്തടക്കത്തിലും ഷോട്ടിലും ആക്രമണത്തിലും എതിരാളികൾക്കു മേൽ വ്യക്തമായ മേധാവിത്വം ഖത്തറിന്റെ യുവനിരക്കായിരുന്നു. എങ്കിലും ഗോൾ പിറക്കാതെ പോയത് വിജയം നിഷേധിച്ചു. ജൂൺ 11ന് ദോഹയിൽ ഇന്ത്യക്കെതിരെയാണ് ഖത്തറിന്റെ രണ്ടാം അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.