ഫിഫ അറബ്​ കപ്പിൽ സേവനമനുഷ്ഠിക്കുന്ന വളന്റിയർമാർ

ലോകകപ്പ് വളന്റിയർ; ഇനി ദിവസങ്ങൾ മാത്രം

ദോഹ: ലോകകപ്പിന്‍റെ ചരിത്രനിമിഷങ്ങളിൽ ഒരു സംഘാടകന്‍റെ ഉത്തരവാദിത്തത്തോടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഉറപ്പിക്കാൻ ഇനി ഏതാനും ദിവസം കൂടി മാത്രം സമയം.

ലോകകപ്പ് വളന്റിയർ ആവാനുള്ള രജിസ്ട്രേഷൻ ജൂലൈ 31ന് അവസാനിക്കുമെന്ന് ഫിഫ അറിയിച്ചു. ലോകകപ്പിന്‍റെ 100 ദിന കൗണ്ട്ഡൗൺ ആരംഭിക്കുന്ന ആഗസ്റ്റ് 13ഓടെ വളന്റിയർ അഭിമുഖങ്ങൾ അവസാനിപ്പിക്കും.

ലോകകപ്പ് കാലത്ത് സ്റ്റേഡിയങ്ങളും പരിശീലന വേദികളും വിമാനത്താവളവും ഫാൻ സോണും ഉൾപ്പെടെ 45ഓളം മേഖലകളിൽ സേവനം ചെയ്യാനായി 20,000ത്തോളം വളന്റിയർമാരെയാണ് ഫിഫ തിരഞ്ഞെടുക്കുന്നത്.

ഫിഫ വെബ്സൈറ്റ് വഴി (https://volunteer.fifa.com/login) താൽപര്യമുള്ളവർക്ക് വളന്റിയറാവാൻ അപേക്ഷിക്കാം. ഫാൻ സോൺ, ഹോട്ടൽ, പൊതുഗതാഗത മേഖലകൾ, സ്റ്റേഡിയത്തിലും പുറത്തുമായി കാണികൾക്കുള്ള സേവനങ്ങൾ, നിരവധി മേഖലകളിലാണ് സന്നദ്ധസേവകരെ ആവശ്യമായുള്ളത്. 2022 ഒക്ടോബർ ഒന്നിന് 18 വയസ്സ് തികയുന്ന ആർക്കും അപേക്ഷിക്കാം. അറബി, ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണനയുണ്ടാവും.

വളന്റിയർഷിപ്പിൽ മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാമെന്ന് ഫിഫ അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ കതാറ ആംഫി തിയറ്ററിൽ നടന്ന പരിപാടിയിലാണ് വളന്റിയർ സെലക്ഷൻ പദ്ധതിക്ക് തുടക്കം കുറിച്ചത്.

മേയ് പകുതിയോടെ ആരംഭിച്ച അഭിമുഖ നടപടികൾ ഇതുവരെയായി 170 രാജ്യങ്ങളിൽനിന്നായി പതിനായിരത്തോളം പേർ പങ്കെടുത്തു.

ഖത്തറിൽ നടക്കുന്ന ഫിഫ ചാമ്പ്യൻഷിപ്പുകളിൽ സജീവമായി പങ്കാളികളായ വളന്റിയർമാർ തന്നെയാണ് അഭിമുഖ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഈ വരുന്ന നവംബർ 21 മുതൽ ഡിസംബർ 18വരെയാണ് ഖത്തറിലെ എട്ടു വേദികളിലായി ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നത്.

എന്നാൽ, ഒരുവിഭാഗം വളന്റിയർമാരുടെ ജോലികൾ ഒക്ടോബർ ഒന്നിന് തന്നെ ആരംഭിക്കും. അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കുശേഷം, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഡിഡാസ് യൂനിഫോം, ജോലി സമയങ്ങളിൽ ഭക്ഷണം, പൊതുഗതാത സംവിധാനങ്ങളിൽ സൗജന്യയാത്ര എന്നിവ ലഭ്യമാവുമെന്ന് ഫിഫ അറിയിച്ചു.

Tags:    
News Summary - World Cup Volunteer; Only days left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.