ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി

ലോകകപ്പ് ഖത്തറിനെ ആഗോള നിക്ഷേപ കേന്ദ്രമാക്കുമെന്ന് ചേംബർ ചെയർമാൻ

ദോഹ: ആഗോളതലത്തിൽ വ്യാപാര, നിക്ഷേപ, വിനോദസഞ്ചാര കേന്ദ്രമാകാനുള്ള ഖത്തറിന്‍റെ ശ്രമങ്ങളെ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് കൂടുതൽ ശക്തമാക്കുമെന്ന് ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി പറഞ്ഞു. ഖത്തറിന് മാത്രമല്ല, ഈ വർഷം മേഖലയെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടതും അവിസ്മരണീയവുമായിരിക്കുമെന്നും വ്യത്യസ്ത തലങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യകരമായ സ്വാധീനമുണ്ടാക്കാൻ ലോകകപ്പ് പോലെയുള്ള വമ്പൻ കായിക ചാമ്പ്യൻഷിപ്പുകളിലൂടെ സാധിക്കുമെന്നും ശൈഖ് ഖലീഫ ജാസിം ആൽഥാനി കൂട്ടിച്ചേർത്തു. അൽ മുൽതഖ മാഗസിന്‍റെ പുതിയ ലക്കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിലൂടെ നിരവധി നേട്ടങ്ങളാണ് ഖത്തറിനെ കാത്തിരിക്കുന്നത്.

ഖത്തർ കൂടുതൽ ലോകശ്രദ്ധയാകർഷിക്കപ്പെടാൻ ഇത് കാരണമാകുമെന്നും വ്യാപാര, നിക്ഷേപ, ടൂറിസം മേഖലയിൽ ആഗോള ഹബാകുന്നതിനായുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളെ ലോകകപ്പ് ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മുന്നേറ്റം മാത്രമല്ല ഇതിലൂടെ ലഭിക്കുകയെന്നും വ്യാപാര, നിക്ഷേപ മേഖലയിൽ ആഗോള കേന്ദ്രമായി ഖത്തറിനെ സ്ഥാപിക്കാൻ ലോകകപ്പിനാകുമെന്നും നിക്ഷേപകരെ ആകർഷിക്കുന്ന നിയമങ്ങളും റെഗുലേറ്ററികളും സൗഹൃദാന്തരീക്ഷവുമാണ് ഖത്തറിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

ഖത്തറിന്‍റെ ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയിൽ വലിയ മുന്നേറ്റം കൊണ്ടുവരാനും ഭാവിയിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം, അടിസ്ഥാനസൗകര്യം എന്നിവയിലടക്കം വലിയ സ്വാധീനം ചെലുത്താനും ലോകകപ്പിനാകുമെന്നും സൂചിപ്പിച്ചു. ലോക കായിക ഭൂപടത്തിൽ ഖത്തറിനെ അടയാളപ്പെടുത്തുന്നതായിരിക്കും ഈ ടൂർണമെൻറ്. വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾക്കുള്ള കേന്ദ്രമായി ഖത്തർ അറിയപ്പെടും. എല്ലാ മേഖലയിലും വൻ വിജയമാകുന്ന പ്രഥമ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനായിരിക്കും ഖത്തർ ആതിഥ്യം വഹിക്കുന്നത്. ചരിത്രത്തിൽ ഇത് അങ്ങനെയായിരിക്കും അടയാളപ്പെടുത്തപ്പെടുക. ഒരു അറബ് രാജ്യത്ത് ആദ്യമെത്തുന്ന ലോകകപ്പ് എന്നതിനാൽ അറബ് മേഖലക്കും അവിസ്മരണീയമായ വർഷമായിരിക്കും 2022. ടൂർണമെൻറ് ആരംഭിക്കുന്നതിെൻറ എത്രയോ ദിവസങ്ങൾക്കുമുമ്പുതന്നെ ഖത്തർ പൂർണമായും സജ്ജമായിക്കഴിഞ്ഞിരുന്നു. ഒരു ദശാബ്ദത്തിലേറെയായുള്ള തയാറെടുപ്പുകളാണ് ലോകകപ്പ് വിജയകരമാക്കുന്നതിനായി ഖത്തർ നടത്തിക്കൊണ്ടിരുന്നത് -ഖത്തർ ചേംബർ ചെയർമാൻ വ്യക്തമാക്കി. 

Tags:    
News Summary - World Cup will make Qatar a global investment hub -Chamber Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.