റിയാദ്: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷ ചട്ടങ്ങളും ലംഘിച്ച 10,850 പേരെ അറസ്റ്റ് ചെയ്തു. മേയ് അഞ്ചുമുതൽ 11 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. പിടിയിലായവരിൽ 6,565 താമസ നിയമ ലംഘകരും 3,012 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 1,273 തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 56 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 35 ശതമാനം യമൻ പൗരന്മാരും 47 ശതമാനം ഇത്യോപ്യക്കാരും 18 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് അഭയം നൽകിയ 14 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 79,313-ലധികം പുരുഷന്മാരും 4,144 സ്ത്രീകളും ഉൾപ്പെടെ 83,457 പേരാണ്. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴ, കൂടാതെ അവരുടെ പേരുകൾ പ്രാദേശികമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത സൗകര്യമൊരുക്കിയ വാഹനങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.