റിയാദ്: കേരളത്തിലെ റിക്രൂട്ടിങ് ഏജൻസികളുടെ തട്ടിപ്പിനിരയായി സൗദിയിലെത്തിയ 12 തൊഴിലാളികളെ സാമൂഹികപ്രവർത്തകരും ഇന്ത്യൻ എംബസിയും ചേർന്ന് നാട്ടിലെത്തിച്ചു. 11 മലയാളികളും ഒരു ഹിമാചൽ പ്രദേശുകാരനും അടങ്ങുന്ന സംഘമാണ് ചതിയിൽ പെട്ടത്.
അഞ്ചു മാസം മുമ്പ് 1,40,000 രൂപ വീതം വാങ്ങിയാണ് കേരളത്തിലെ 11 ജില്ലകളിൽനിന്നായി 11ഉം മറ്റ് സംസ്ഥാനങ്ങളിൽനിന്നായി 40ഓളം പേരെയും ഏജൻസി സൗദിയിലെ ഹാഇലിൽ എത്തിച്ചത്. മലപ്പുറം തിരൂരിലെയും അങ്കമാലിയിലെയും ട്രാവൽ ഏജൻസികളാണ് ഇവരെ റിക്രൂട്ട് ചെയ്തത്.
മിനിമം ശമ്പളം 1500 റിയാൽ, ഓവർ ടൈം, കമീഷൻ, താമസം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്താണ് ഡ്രൈവർ ജോലിക്കെന്ന് പറഞ്ഞ് കയറ്റിവിട്ടത്. താമസരേഖയും (ഇഖാമ) ഡ്രൈവിങ് ലൈസൻസും കമ്പനി എടുത്തുനൽകുമെന്നാണ് പറഞ്ഞിരുന്നത്. നാട്ടിൽ തൊഴിൽ കരാർ ഒപ്പുവെക്കുേമ്പാൾ അതിൽ ലേബർ എന്നാണ് തസ്തികയായി രേഖപ്പെടുത്തിയിരുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ സൗദിയിലെത്തിയാൽ പുതിയ കരാർ നൽകുമെന്നും അതിൽ ഡ്രൈവറായിരിക്കുമെന്നും ഏജൻസി വിശ്വസിപ്പിച്ചു. എന്നാൽ, ആദ്യ ഒരു മാസം ജോലി നൽകിയില്ലെന്ന് മാത്രമല്ല, ഭക്ഷണമോ കുടിവെള്ളമോ പോലും നൽകിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. നാട്ടിൽനിന്ന് പണം വരുത്തിയാണ് ആദ്യ രണ്ട് മാസം നിത്യചെലവുകൾ നടത്തിയത്.
ഒരു മാസത്തിനുശേഷം ഇഖാമ നൽകിയെങ്കിലും പ്രഫഷൻ ശുചീകരണ തൊഴിലാളികളുടേതായിരുന്നു. ഈ വിഷയം നാട്ടിലെ ഏജൻസിയെ അറിയിച്ചപ്പോൾ അത് താൽക്കാലിക ഇഖാമയാണെന്നും ലൈസൻസ് എടുത്തതിന് ശേഷം പ്രഫഷൻ മാറ്റി പുതിയ ഇഖാമ നൽകുമെന്നും അറിയിച്ചു. ഒരുമാസത്തിനുശേഷം ലൈസൻസ് നടപടികൾക്കായി റഫ എന്ന സ്ഥലത്തേക്ക് തൊഴിലാളികളെ മാറ്റി. അവിടെയും താമസിക്കാൻ ഒരു മുറി മാത്രമാണ് നൽകിയത്. ലൈസൻസ് എടുത്തുനൽകി. പക്ഷേ, ഏജൻസി പറഞ്ഞതുപോലെ പ്രഫഷൻ മാറ്റുകയോ പുതിയ ഇഖാമ നൽകുകയോ ചെയ്തില്ല.
ലൈസൻസ് കിട്ടിയിട്ടും ജോലി നൽകാൻ കമ്പനി തയാറായില്ല. ഇതിനിടയിൽ പൊലീസ് പരിശോധനയിൽ ഇഖാമയിൽ കാണിച്ച തൊഴിലല്ല ചെയ്യുന്നതെന്ന് കണ്ട് ഒരാളെ പിടികൂടി ശിക്ഷിച്ചു. ഇതോടെ ബാക്കിയുള്ളവർ ഭയന്നു. എന്നാൽ, കമ്പനി പ്രഫഷൻ മാറ്റാൻ തയാറായില്ല. മൂന്ന് മാസത്തിന് ശേഷമാണ് ശമ്പളം നൽകിയത്. അത് 900 റിയാൽ മാത്രമായിരുന്നു. മൂന്നുമാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി നൽകാതായപ്പോൾ ഈ രീതിയിൽ തുടരാനാവില്ലെന്നും ജോലിയില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു. പരാതി നൽകിയ 12 പേരെയും ജോലിക്കെന്ന് പറഞ്ഞ് അടുത്ത ദിവസം റിയാദിലെ വൃത്തിഹീനമായ ക്യാമ്പിൽ എത്തിച്ചു. തുടർച്ചയായി നാല് ദിവസത്തേക്ക് ആരും ഇവരെ തിരിഞ്ഞുനോക്കിയില്ല. തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ തൊഴിലാളികൾ ആദ്യം നാട്ടിലെ ഏജൻസിയെ അറിയിച്ചെങ്കിലും വളരെ മോശമായാണ് അവർ പ്രതികരിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. തുടർന്ന് സുഹൃത്തുക്കൾ വഴി റിയാദിലെ കേളി കലാസാംസ്കാരിക വേദിയുമായി ബന്ധപ്പെടുകയും ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയും ചെയ്തു.
എംബസി അറ്റാഷെ മീനാ ഭഗവാൻ, ഫസ്റ്റ് സെക്രട്ടറി മോയിൻ അക്തർ, ഉദ്യോഗസ്ഥനായ ഹരി എന്നിവർ ഈ വിഷയത്തിൽ ഏജൻസിക്കെതിരെ കർശന നിലപാട് എടുത്തത്തിന്റെ ഫലമായി കമ്പനി വഴങ്ങി. തൊഴിലാളികൾക്ക് കേളി പ്രവർത്തകർ രണ്ട് മാസത്തോളം ഭക്ഷണവും വെള്ളവും മറ്റും എത്തിച്ചുനൽകി. കേളി സുലൈ ഏരിയ കമ്മിറ്റി പ്രവർത്തകരോടൊപ്പം ശുമൈസിയിലെ മക്ക സ്റ്റോർ, പെർഫക്ട് ഫാമിലി റെസ്റ്റോറൻറ് എന്നീ സ്ഥാപനങ്ങളാണ് സഹായം നൽകാൻ രംഗത്തുണ്ടായിരുന്നത്. എംബസിയുടെ കർശന നിലപാടിൽ രണ്ട് മാസത്തിനൊടുവിൽ ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. എല്ലാവരും നാട്ടിലേക്ക് തിരിച്ചു.
ദുരിതക്കയം താണ്ടി മലയാളികളായ 11 തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി
ഡോർ ഡെലിവറി ഡ്രൈവർ ജോലിക്കെത്തിയവരാണ് വഞ്ചിക്കപ്പെട്ടത്
റിയാദ്: റിയാദിലെ സ്വകാര്യ മാൻപവർ കമ്പനിയിൽ ഡോർ ഡെലിവറി ഡ്രൈവർമാരായി ജോലിക്കെത്തിയ മലയാളികളായ 11 തൊഴിലാളികൾ അഞ്ച് മാസത്തെ ദുരിതപൂർണമായ ദിവസങ്ങൾ കഴിച്ചുകൂട്ടി നാട്ടിലേക്ക് മടങ്ങി. അനിശ്ചിതത്വത്തിന്റെയും നിർഭാഗ്യത്തിന്റെയും കയ്പുനീർ കുടിച്ചാണ് ആ ഹതഭാഗ്യർ സൗദി വിട്ടത്. പ്രിയപ്പെട്ടവരുടെ സ്വർണവും കെട്ടുതാലിയുമടക്കം വിറ്റും പണയപ്പെടുത്തിയുമാണ് സ്വപ്നഭൂമിയിലേക്ക് പറന്നിറങ്ങിയത്. എന്നാൽ, വാഗ്ദാനം ചെയ്ത ജോലിയോ പകരം സംവിധാനങ്ങളോ ലഭിക്കാതെ അവർ പെരുവഴിയിലായി. ഒടുവിൽ ഇന്ത്യൻ എംബസിയുടെയും സാമൂഹിക സംഘടനകളുടെയും സഹായം കൊണ്ടാണ് നാട്ടിലേക്ക് പോയത്.
3,000 റിയാൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടാണ് മലപ്പുറം ജില്ലയിലെ തിരൂർ കേന്ദ്രമായ ട്രാവൽ ഏജൻസി മുഖേന റിയാദിലേക്ക് പുറപ്പെട്ടത്. പുതുതായി തുടങ്ങുന്ന ഫുഡ് ഡെലിവറി കമ്പനിയിൽ ജോലി നൽകുമെന്നാണ് നാട്ടിൽനിന്ന് പറഞ്ഞത്. എന്നാൽ, ഇവിടെയെത്തിയപ്പോൾ ജോലിയും കൂലിയുമില്ലാത്ത അവസ്ഥയായിരുന്നു. ശോചനീയമായ താമസസ്ഥലം. വല്ലപ്പോഴും ലഭിക്കുന്ന ‘ദാലും റൊട്ടി’യുമായിരുന്നു ഭക്ഷണം.
ചില സാമൂഹികപ്രവർത്തകർ ക്യാമ്പിൽ ഇടക്ക് ഭക്ഷണമെത്തിച്ചത് അവർക്ക് ഏറെ ആശ്വാസമായിരുന്നു. സാമൂഹികപ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് എംബസിയിൽ പരാതി നൽകുകയും തുടർന്ന് ഇന്ത്യൻ എംബസി അവരുടെ തിരിച്ചുപോക്കിനുള്ള സംവിധാനം ഒരുക്കുകയുമായിരുന്നു. പ്രവാസി വെൽഫെയർ പ്രവർത്തകരായ നിഹ്മത്തുല്ല, ബഷീർ പാണക്കാട്, റിഷാദ് എളമരം, ശിഹാബ് കുണ്ടൂർ എന്നിവരാണ് അവസാന ഘട്ടംവരെ തുണയാവുകയും യാത്രാസംബന്ധമായ കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തത്. 11 പേർ ഇതിനകം നാട്ടിൽ എത്തിയതായി അവർ അറിയിച്ചു. നാട്ടിലെത്തിയാൽ ട്രാവൽസിനെതിരെ ‘നോർക്ക’യിലും പൊലീസിലും പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.