തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമലംഘനം: സൗദിയിൽ ഒരാഴ്​ചക്കിടെ 14,400 പ്രവാസികളെ നാടുകടത്തി

റിയാദ്​: തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 14,400 വിദേശികളെ ഒരാഴ്​ചക്കിടെ സൗദി അറേബ്യയിൽനിന്ന്​ നാടുകടത്തി. 17,000 പേരുടെ നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 19,800 പേർ ഒരാഴ്​ചക്കിടെ പുതുതായി അറസ്​റ്റിലായി. ഇവരെല്ലാം നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിൽ കഴിയുന്നു. രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 12400 പേർ വിസ നിയമം ലംഘിച്ചവരാണ്​. 4,800 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,500 പേർ തൊഴിൽനിയമ ലംഘകരുമാണ്​.

അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,389 പേർ പിടിയിലായി. ഇതിൽ 53 ശതമാനം ഇത്യോപ്യക്കാരും 45 ശതമാനം യമനികളും രണ്ട്​ ശതമാനം ഇതര രാജ്യക്കാരുമാണ്​. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്​റ്റുകളിൽ വെച്ച്​ 48 പേരും അറസ്​റ്റിലായിട്ടുണ്ട്​. ഇത്തരം നിയമലംഘകർക്ക്​ ഗതാഗത, താമസസൗകര്യങ്ങൾ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക്​ ജോലി നൽകിയവരുമായ ഒമ്പത്​ പേർ വേറെയും പിടിയിലായിട്ടുണ്ട്​.

തർഹീലിൽ നിലവിൽ നിയമനടപടി നേരിടുന്നവരിൽ 15,300 പേർ പുരുഷന്മാരും 16,700 പേർ സ്​ത്രീകളുമാണ്​. 7,000 പേരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രേഖകൾ അതത്​ രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്​. 4,200 പേരുടെ വിമാന ടിക്കറ്റ്​ റിസർവേഷൻ നടപടികൾ പുരോഗമിക്കുകയുമാണ്​.

നിയമലംഘകർക്ക്​ താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക്​ 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ്​ ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത്​ ആവർത്തിച്ചു.

Tags:    
News Summary - 14,400 expatriates were deported in Saudi Arabia within a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.