റിയാദ്: 15ാമത് അറബ് ഗെയിംസിന് അൽജീരിയയിൽ തുടക്കമായി. അൽജീരിയൻ പ്രധാനമന്ത്രി അയ്മൻ ബിൻ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്ത ഗെയിംസിന്റെ പ്രാരംഭ ചടങ്ങുകളിൽ സൗദി കായികമന്ത്രിയും അറബ് നാഷനൽ ഒളിമ്പിക് കമ്മിറ്റികളുടെ യൂനിയൻ പ്രസിഡൻറുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പങ്കെടുത്തു. അമീർ ഫഹദ് ബിൻ ജലാവി ബിൻ അബ്ദുൽ അസീസ് ബിൻ മുസൈദാണ് സൗദി സംഘത്തെ നയിക്കുന്നത്.
ചടങ്ങിൽ സംസാരിച്ച കായികമന്ത്രി ആതിഥേയ രാജ്യത്തിനും അറബ് കായിക സംഘങ്ങൾക്കും സൽമാൻ രാജാവിെൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാെൻറയും ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. 15ാമത് അറബ് ഗെയിംസ് നടക്കുന്നതിനിടെ സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന അൽജീരിയയുടെ നേതൃത്വത്തെയും ജനങ്ങളെയും കായികമന്ത്രി അഭിവാദ്യം ചെയ്തു.
വൈവിധ്യമാർന്ന കായിക ഇനങ്ങൾ ഉൾപ്പെടുത്തിയും സത്യസന്ധമായ നടപടിക്രമങ്ങൾ ആവിഷ്കരിച്ചും മത്സരങ്ങളുടെ മൂല്യം വർധിപ്പിക്കുന്ന പുതിയ ചുവടുവെപ്പുകൾക്കായാണ് ഈ ഒത്തുകൂടലെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അൽജീരിയൻ പ്രധാനമന്ത്രി പറഞ്ഞു. ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ഫെഡറേഷൻ ഓഫ് അറബ് നാഷനൽ ഒളിമ്പിക് കമ്മിറ്റി എന്നിവയുടെ പതാകയോടൊപ്പം 15ാമത് അറബ് ഗെയിംസിെൻറ പതാകയും ഉയർത്തുന്ന ചടങ്ങിന് ഉദ്ഘാടനവേദി സാക്ഷ്യംവഹിച്ചു.
കലാപരവും ജനപ്രിയവുമായ പ്രകടനങ്ങളും 22 അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2,200 ലധികം കായികതാരങ്ങൾ പങ്കെടുത്ത പരേഡും ഇതോടൊപ്പം നടന്നു. 14 ഒളിമ്പിക്സ്, മൂന്ന് പാരാലിമ്പിക്സ് എന്നിങ്ങനെ 17 ഇനങ്ങളിലായി 180ലധികം സൗദി ആൺ-പെൺ അത്ലറ്റുകളാണ് ഈ മാസം 15 വരെ തുടരുന്ന ഗെയിംസിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.