ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ തകര്‍ന്ന പാലവും റോഡും തുറന്നു

റിയാദ്: നഗരത്തിന്‍െറ കിഴക്കുഭാഗമായ ബഗ്ളഫില്‍ മൂന്നുവര്‍ഷം മുമ്പ് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് തകര്‍ന്ന നാഷണല്‍ ഗാര്‍ഡ് പാലവും  റോഡും പൊതുഗതാഗതത്തിനായി തുറന്നു. സൗദി ഗതാഗത മന്ത്രാലയം വെള്ളിയാഴ്ച രാവിലെയാണ് റോഡും മേല്‍പ്പാലവും പൊതുജനത്തിന് സമര്‍പ്പിച്ചത്. ഖുറൈസ് റോഡും കിങ് ഫഹദ് ഇന്‍റര്‍നാഷണല്‍ ഫുട്ബാള്‍ സ്റ്റേഡിയത്തിലേക്കുള്ള ശൈഖ് ജാബിര്‍ റോഡും സന്ധിക്കുന്ന ഭാഗത്തുണ്ടായിരുന്ന പാലത്തിന് പകരം ശൈഖ് ജാബിറിലേക്ക് മേല്‍പ്പാലവും ഖുറൈസില്‍ വിശാലമായ ഭൂതല പാതയുമാണ് നിര്‍മിച്ചത്. 514 ദശലക്ഷം റിയാല്‍ ചെലവഴിച്ച് ബിന്‍ലാദന്‍ കമ്പനിയും മറ്റ് അഞ്ച് കമ്പനികളും ചേര്‍ന്നാണ് മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗതാഗതത്തിന് റോഡ് തുറന്നുകിട്ടിയതോടെ കിഴക്കന്‍ പ്രവിശ്യയിലേക്കുള്ള പ്രധാന പാതയെ നഗര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന ഖുറൈസ് റോഡിലെ തിരക്കിന് അയവ് വരും. 24 പേരുടെ മരണത്തിനും കോടിക്കണക്കിന് റിയാലിന്‍െറ സ്വത്തുനാശത്തിനും ഇടയാക്കിയ ഗ്യാസ് ടാങ്കര്‍ ദുരന്തം 2012 നവംബര്‍ ഒന്നിനാണ് സംഭവിച്ചത്. ഖുറൈസ് റോഡിന്‍െറ സര്‍വീസ് റോഡിലൂടെ വന്ന പാചകവാതകം നിറച്ച ടാങ്കര്‍ രാവിലെ 7.30ഓടെ പാലത്തിനടിയിലെ കോണ്‍ക്രീറ്റ് തൂണിലിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സമീപകാലത്ത് റിയാദിലുണ്ടായ ഏറ്റവും വലിയ അപകടങ്ങളിലൊന്നായിരുന്നു ഇത്. ടാങ്കറിന്‍െറ പൊട്ടിത്തെറി 15 കിലോമീറ്റര്‍ ചുറ്റളവിലാണ് ആഘാതം സൃഷ്ടിച്ചത്. ആളിക്കത്തിയ ടാങ്കറില്‍നിന്ന് തീഗോളങ്ങള്‍ തെറിച്ചുവീണ് ഖുറൈസ് റോഡിലും പാലത്തിന് ചുവട്ടിലെ ശൈഖ് ജാബിര്‍ റോഡിലും ഖുറൈസിന്‍െറ സര്‍വീസ് റോഡിലുമുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചപ്പോള്‍ കത്തിയമര്‍ന്നത് വിവിധ രാജ്യക്കാരായ 24 ജീവനുകളാണ്. വാഹനങ്ങളിലുണ്ടായിരുന്നവരാണ് മരിച്ചവരെല്ലാം. 40ലേറെ വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്ത്യക്കാരാരും മരിച്ചില്ളെങ്കിലും പരിക്കേറ്റ 133പേരില്‍ മലയാളികളടക്കം നിരവധി പേരുണ്ടായിരുന്നു. 15 കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ വാണിജ്യ സ്ഥാപനങ്ങളുടേതുള്‍പ്പെടെ എല്ലാത്തരം കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. പാലം പാടെ തകര്‍ന്നു. പാലം ഒഴിവാക്കി പകരം ഭൂനിരപ്പില്‍ തന്നെ ഖുറൈസ് റോഡ് പുനര്‍നിര്‍മിക്കാനും ശൈഖ് ജാബിര്‍ റോഡ് മേല്‍പ്പാലത്തിലൂടെയാക്കി മാറ്റാനുമാണ് ഗതാഗത മന്ത്രാലയം പദ്ധതിയിട്ടത്. ആദ്യമുണ്ടായിരുന്നതിന്‍െറ എതിര്‍ ഘടനയിലാണ് പുതിയ സംവിധാനം വന്നത്. ശൈഖ് ജാബിര്‍ റോഡ് മേല്‍പ്പാലത്തിലും ഖുറൈസ് റോഡ് ഭൂനിരപ്പിലുമായി. തിരക്കേറിയ ഖുറൈസ് റോഡിന് കൂടുതല്‍ വിശാലത നല്‍കാന്‍ ഇത്് സഹായമായി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.