ലോറി ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് കണ്ണൂര്‍ സ്വദേശി ജുബൈലില്‍ മരിച്ചു

ജുബൈല്‍: ഖഫ്ജി-ജുബൈല്‍ റോഡില്‍ വ്യവസായ മേഖലയായ സാട്രോപ്പിന് സമീപം മിനി ലോറി ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു മലയാളി മരിച്ചു. ജുബൈലിലെ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ഫിറ്റര്‍ ആയി ജോലി ചെയ്യുന്ന കണ്ണൂര്‍ ഇരട്ടി തില്ലങ്കരി എറയില്‍ വീട്ടില്‍ പരേതനായ നാണുവിന്‍െറയും ലീലയുടെയും മകന്‍ സനില്‍കുമാര്‍ (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ന് സാട്രോപ് പ്രോജക്ടിന് മുന്നിലായിരുന്നു അപകടം. കമ്പനി ആവശ്യാര്‍ഥം ഖുറൈസില്‍ പോയി തിരികെ ജുബൈലിലെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ സനില്‍ സഞ്ചരിച്ച ഡയന ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. 
അപകട സമയം സനിലിനെ കൂടാതെ മലയാളിയായ ഡ്രൈവര്‍ നൗഷാദ്, നേപ്പാള്‍ സ്വദേശി  കെംരാജ് എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സനല്‍കുമാര്‍ തല്‍ക്ഷണം മരിച്ചു. ഈ ഭാഗത്ത് റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ വാഹനം വഴി തിരിച്ചു വിട്ടിരുന്നു. എന്നാല്‍ റോഡ് മുറിച്ച ഭാഗത്ത് വേണ്ടത്ര വെളിച്ചം ഉണ്ടായിരുന്നില്ളെന്നാണ് പറയുന്നത്. 

സനില്‍കുമാര്‍
 


ഈ സംഭവം കഴിഞ്ഞു രണ്ടു മണിക്കൂറിനു ശേഷം ഇതേ സ്ഥലത്തു സ്വദേശി യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് അയാളും മരിച്ചു. 
സൗദി യുവാവിന്‍െറ വാഹനം ഡിവൈഡറില്‍ ഇടിച്ചു കയറിയ ശേഷം തലകീഴായി മറിയുകയും നിരങ്ങി വന്ന് നേരത്തെ അപകടത്തില്‍പ്പെട്ടു കിടന്ന ഡയനയില്‍ ഇടിക്കുകയും ചെയ്തു. 
അപകട വിവരമറിഞ്ഞ് സനിലിന്‍െറ മൂത്ത സഹോദരന്‍ കമലാസനന്‍ ഖോബാറില്‍ നിന്നും ജുബൈലില്‍ എത്തിയിട്ടുണ്ട്. റോയല്‍ കമീഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ ആരംഭിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. യമുനയാണ് സഹോദരി. അവിവാഹിതനായ സനില്‍ സൗദിയില്‍ എത്തിയിട്ട് മൂന്നര വര്‍ഷമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.