അബ്ഷിര്‍ വഴി ആറ്  പുതിയ സേവനങ്ങള്‍ കൂടി

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗത്തിന്‍െറ ‘അബ്ഷിര്‍’ സംവിധാനത്തില്‍ പുതിയ ഏതാനും സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 
വിദേശികളെ ബാധിക്കുന്ന മൂന്ന് സേവനങ്ങളും സ്വദേശികള്‍ക്കുള്ള രണ്ട് സേവനങ്ങളും സന്ദര്‍ശക വിസയിലുള്ള യമന്‍ പൗരന്മാര്‍ക്കുള്ള ഒരു സേവനവുമാണ് അബ്ഷിര്‍ സംവിധാനത്തില്‍ പുതുതായി ഉള്‍പ്പെടുത്തുന്നതെന്ന് നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ മേധാവി ഡോ. താരിഖ് ബിന്‍ അബ്ദുല്ല അശ്ശുദ്ദി പറഞ്ഞു. 
വിദേശി ജോലിക്കാര്‍ സൗദിയിലത്തെി മൂന്ന് മാസത്തെ പ്രൊബേഷന്‍ കാലത്തിനിടക്ക് ഫൈനല്‍ എക്സിറ്റ് നല്‍കല്‍, സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളിയെക്കുറിച്ച് പരാതി ബോധിപ്പിക്കല്‍ അഥവാ ഹുറൂബ് രേഖപ്പെടുത്തല്‍, ട്രാഫിക് വിഭാഗം നല്‍കുന്ന വാഹന പെര്‍മിറ്റ് സൗദി പോസ്റ്റിന്‍െറ ‘വാസില്‍’ സംവിധാനം വഴി കൈപറ്റല്‍ എന്നിവയാണ് വിദേശികളെ ബാധിക്കുന്ന മൂന്ന് പുതിയ സേവനങ്ങള്‍. യമന്‍ പൗരന്മാരുടെ പ്രത്യേക പദവിയിലുള്ള സന്ദര്‍ശന വിസ പുതുക്കാനും അബ്ഷിര്‍ സംവിധാനത്തില്‍ സൗകര്യം ഒരുക്കും. സ്വദേശികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭിക്കുന്ന സിവില്‍ സര്‍വീസ് വകുപ്പിലെ നടപടികളുടെ പുരോഗതി അറിയാനും സൈനികരുടെ യാത്ര രേഖകള്‍ കൈപ്പറ്റാനും അബ്ഷിറില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമായി 60 ലക്ഷം പേര്‍ ഇതുവരെ അബ്ഷിര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പാസ്പോര്‍ട്ട് വിഭാഗത്തിന്‍െറത് ഉള്‍പ്പെടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ അവര്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നുണ്ടെന്നും ഡോ. താരിഖ് ബിന്‍ അബ്ദുല്ല അശ്ശുദ്ദി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.