വിനോദ മേഖലയില്‍  പുതിയ നിയമം പ്രാബല്യത്തില്‍

റിയാദ്: വിനോദ സഞ്ചാര മേഖലയില്‍ പുതിയ നിയമാവലി പ്രാബല്യത്തില്‍ വന്നു. വിനോദ കേന്ദ്രങ്ങളുടെ ബുക്കിങ്, ടൂര്‍ സംഘാടകര്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസ്റ്റ് ഗൈഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിഷ്കരിച്ച നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണിത്. അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അധ്യക്ഷനായ വിനോദ സഞ്ചാര വകുപ്പാണ് നിയമാവലിക്ക് അംഗീകാരം നല്‍കിയത്. വിനോദ മേഖല സജീവവും കാര്യക്ഷമവുമാക്കുന്നതോടൊപ്പം വിദേശ ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകര്‍ഷിക്കുക, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവ പരിഷ്കരണത്തിന്‍െറ ലക്ഷ്യമാണ്. ഇതു സംബന്ധിച്ച സര്‍കുലര്‍ എല്ലാ ഓഫിസുകളിലേക്കും ഏജന്‍സികള്‍ക്കും അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗദി ടൂറിസ മേഖല സജീവമാക്കാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്. ഉംറ ഉള്‍പ്പെടെ മക്ക, മദീന പുണ്യ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള തീര്‍ഥാടന ടൂറിസവും പുതിയ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ടൂറിസ കേന്ദ്രങ്ങളുടെയും സേവനങ്ങളുടെയും സീസണ്‍ തിരിച്ചുള്ള നിരക്ക്, സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും നല്‍കുന്ന സേവനത്തിന്‍െറ നിരക്ക് എന്നിവ സ്ഥാപനങ്ങളുടെ നോട്ടീസ് ബോര്‍ഡിലും ഇലക്ട്രോണിക് മീഡിയയിലും വെബ്സൈറ്റിലും പരസ്യപ്പെടുത്തല്‍, അറബി, ഇംഗ്ളീഷ് ഉള്‍പ്പെടെയുള്ള ഭാഷകളെ പരിഗണിക്കല്‍ എന്നിവ പുതിയ നിയമാവലിയുടെ താല്‍പര്യമാണ്. 
ടൂറിസ്റ്റ് ഗൈഡുകളുടെ സേവനത്തില്‍ സ്വദേശിവത്കരണം പാലിക്കുന്നതോടൊപ്പം ഗൈഡുകളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, ഭാഷ പരിചയം എന്നിവയും പരിഗണിച്ചിട്ടുണ്ട്. ട്രാവല്‍, ടൂറിസം മേഖലയിലേക്ക് കൂടുതല്‍ സ്വദേശികള്‍ കടന്നുവരാന്‍ ഇത് സഹായകമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിയമാവലി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധന നടക്കുമെന്നും അതോറിറ്റി അറിയിച്ചു. 
സന്ദര്‍ശകരില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ ആവശ്യമായ സാങ്കേതിക വിദഗ്ധരുടെ സഹായം തേടാനും നിയമാവലിയില്‍ പഴുതുണ്ട്. ഓണ്‍ലൈന്‍ പരാതികള്‍ സ്വീകരിക്കാനും അധികൃതര്‍ അവസരം ഒരുക്കിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.