റിയാദ്: പ്രൗഢ സദസ്സിനെ സാക്ഷി നിര്‍ത്തി ലോകത്തെ മികച്ച ബഹുമതികളിലൊന്നായ കിങ് ഫൈസല്‍ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഇസ്ലാമിക സേവനം, ശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച എട്ടു പേര്‍ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. കിങ് ഫൈസല്‍ ഫൗണ്ടേഷന്‍ എക്സിക്യുട്ടീവ് പ്രസിഡന്‍റും മക്ക ഗവര്‍ണറും ഫൈസല്‍ രാജാവിന്‍െറ മകനുമായ ഖാലിദ് ഫൈസലാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. മസ്ജിദുല്‍ ഹറാം ഇമാമും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും അന്താരാഷ്ട്ര ഫിഖ്ഹ് അകാദമി അധ്യക്ഷനുമായ വിഖ്യാത പണ്ഡിതന്‍ ഡോ. സാലിഹ് അബ്ദുല്ല ബിന്‍ ഹുമൈദാനാണ് ഇസ്ലാമിക സേവനത്തിനുള്ള പുരസ്കാരം ലഭിച്ചത്. കുവൈത്ത് പഠന ഗവേഷണ കേന്ദ്രം അധ്യക്ഷനും പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. അബ്ദുല്ല ബിന്‍ യൂസുഫ് അല്‍ ഗുനൈമിനും ഇസ്ലാമിക സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു.
അറബി ഭാഷക്കും സാഹിത്യത്തിനുമുള്ള സംഭാവനക്കുള്ള പുരസ്കാരം പ്രൊഫ. മുഹമ്മദ് അല്‍ഗസ്വാനി മുഫ്തഹ് (മൊറോകോ), പ്രൊഫ. മുഹമ്മദ് അബ്ദുല്‍ മുത്തലിബ് മുസ്തഫ (ഈജിപ്ത്) എന്നിവര്‍ പങ്കിട്ടു. അറബി കവിതയുടെ മികച്ച നിരൂപകരും പ്രമുഖ എഴുത്തുകാരുമാണിവര്‍. വൈദ്യശാസ്ത്ര രംഗത്തുള്ള സംഭാവനക്ക് നെതര്‍ലന്‍റുകാരായ ഫ്രൊഫ. ഹാന്‍ ഗ്രിറ്റ് ബ്രണ്ണര്‍, ജോറിസ് ആന്‍ദ്രേ വെല്‍റ്റ്മാന്‍ എന്നിവര്‍ അര്‍ഹരായി. ജനിതക ഘടനയുടെ പരിശോധനയില്‍ നൂതന രീതികള്‍ കണ്ടത്തെിയതിനാണ് ഇവരെ പരിഗണിച്ചത്. പാരമ്പര്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന ജീനുകളെ തിരിച്ചറിയുന്നതിന് ഇവരുടെ പരീക്ഷണങ്ങള്‍ ഏറെ സഹായകരമായിരുന്നു. ശാസ്ത്ര രംഗത്തെ സംഭാവനക്കുള്ള ബഹുമതിക്ക് പ്രൊഫ. വംശി കൃഷ്ണ മൂര്‍ത്തി (അമേരിക്ക), പ്രൊഫ. സ്റ്റീഫന്‍ ഫിലിപ് ജാക്സണ്‍ (ഇംഗ്ളണ്ട്) എന്നിവര്‍ അര്‍ഹരായി. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ പഠനങ്ങള്‍ക്ക് സഹായകരമാകുന്ന ഗവേഷണങ്ങള്‍ നടത്തിയതിനാണ് ഇവരെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.