ജിദ്ദ: 2022 ഫോർമുല വൺ കാറോട്ട മത്സരം ജിദ്ദയിൽ ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ജിദ്ദ കോർണിഷിലൊരുക്കിയ ട്രാക്കിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കാറോട്ട മത്സരത്തിന്റെ ആദ്യ പരീക്ഷണ ഓട്ടം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ആദ്യ ഫോർമുല വൺ കാറോട്ട മത്സരത്തിന് ജിദ്ദ കോർണിഷ് ആതിഥേയത്വം വഹിച്ചത്.
മൂന്ന് മാസം പിന്നിടുമ്പോഴാണ് വീണ്ടും ജിദ്ദ നഗരം എസ്.ടി.സി ഫോർമുല വൺ 2022 കാറോട്ടത്തിന്റെ തീ പാറുന്ന മത്സരത്തിന് വേദിയാകുന്നത്. 20 ടീമുകളെ പ്രതിനിധീകരിച്ച് 10 ഡ്രൈവർമാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ശനിയാഴ്ചയും പരീക്ഷണ, യോഗ്യതാ റൗണ്ടുകൾ നടക്കും. ഞായറാഴ്ച രാത്രി എട്ടരക്കാണ് എസ്.ടി.സി ഫോർമുല വൺ സൗദി ഗ്രാന്‍റ് പ്രിക്സിന്റെ ഫൈനൽ റൗണ്ട് മത്സരം നടക്കുക. ഫൈനൽ റൗണ്ടുകൾ രണ്ട് മണിക്കൂർ വരെ നീണ്ടു നിൽക്കും. മത്സരത്തിന്റെ ടിക്കറ്റ് വിൽപന ദിവസങ്ങൾക്ക് മുമ്പ് സംഘാടകർ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മത്സര വേദിയിലേക്ക് സൗജന്യ ബസ് സർവിസും സംഘാടകർ ഒരുക്കിയിരുന്നു.
സൗദി അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഫെഡറേഷൻ ഈ വർഷം സംഘടിപ്പിക്കുന്ന മൂന്നാമത്തെ പ്രധാന ലോക ചാമ്പ്യൻഷിപ്പാണ് ജിദ്ദയിൽ ആരംഭിച്ച 2022 ഫോർമുല വൺ കാറോട്ട മത്സരം. അടുത്തിടെയാണ് ഡക്കാർ റാലിക്കും ഫോർമുല ഇ സീസണിന്റെ ഓപ്പണിങ് റൗണ്ടിനും സൗദി അറേബ്യ വേദിയായത്. രാജ്യം ഇപ്പോൾ മോട്ടോർ സ്‌പോർട്‌സിന്റെ ഭവനമായി മാറിയിരിക്കുന്നുവെന്ന് 2022 ഫോർമുല വൺ മത്സരം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞിരുന്നു.
ഫോർമുല വൺ മത്സരത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയത് നേടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആദ്യ ഫോർമുല വൺ മത്സരം വൻ വിജയമായിരുന്നു. കായികരംഗത്ത് താൽപര്യമുള്ളവരെ അത് അമ്പരപ്പിച്ചു. രണ്ടാം മത്സരവും വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തിനായി കുറഞ്ഞ മാസങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും നീളമുള്ള സർക്യൂട്ട് ഒരുക്കാൻ സാധിച്ചു. മൂന്ന് ദിവസങ്ങളിലായി നേരത്തെ ജിദ്ദ കോർണിഷ് സർക്യൂട്ടിൽ നടന്ന ആദ്യ ഫോർമുല വൺ മത്സരം 1,40,000ത്തിലധികം പേർ കണ്ടതായും കായിക മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.