അൽഖോബാർ: വിമാനയാത്രക്കാരുടെ ബാഗേജിൽ 30 ഇനം വസ്തുക്കൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ഇത്തരം വസ്തുക്കൾ ബാഗിനുള്ളിൽ ശ്രദ്ധയിൽപെട്ടാൽ കണ്ടുകെട്ടുമെന്നും യാത്രക്കാർക്ക് അവ തിരികെ ആവശ്യപ്പെടാൻ അവകാശമില്ലെന്നും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ വ്യക്തമാക്കി. ഇതിൽ 16 ഇനങ്ങൾ വിമാനത്തിനുള്ളിലെ ക്യാബിനുകളിൽ (ഹാൻഡ് ബാഗുകളിൽ) കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.
കത്തികൾ, കംപ്രസ് ചെയ്ത വാതകങ്ങൾ, വിഷ ദ്രാവകങ്ങൾ, ബ്ലേഡുകൾ, ബേസ്ബാൾ ബാറ്റുകൾ, സ്കേറ്റ്ബോർഡുകൾ, സ്ഫോടകവസ്തുക്കൾ, പടക്കം, തോക്കുകൾ, കാന്തിക വസ്തുക്കൾ, റേഡിയോ ആക്ടീവ് ഉപകരണങ്ങൾ, നെയിൽ ക്ലിപ്പറുകൾ, കത്രികകൾ, മാംസം വെട്ടിയെടുക്കാൻ ഉപയോഗിക്കുന്ന കത്തി, നശീകരണ വസ്തുക്കൾ, വെടിമരുന്ന് തുടങ്ങിയവയാണ് ഹാൻഡ് ബാഗിൽ കൊണ്ടുപോകാൻ പാടില്ലാത്തത്.
ഒരു ബാഗേജിലും കൊണ്ടുപോകാൻ പാടില്ലാത്ത അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ ഓക്സിഡൻറുകൾ, ഓർഗാനിക് പെറോക്സൈഡുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങൾ, പ്രവർത്തനരഹിതമാക്കുന്ന ഉപകരണങ്ങൾ, ഓട്ടോമാറ്റിക് സ്കേറ്റ്ബോർഡുകൾ, ലിക്വിഡ് ഓക്സിജൻ ഉപകരണങ്ങൾ, വിഷലിപ്തമായതോ ജൈവികമോ ആയ വസ്തുക്കൾ, തീപ്പെട്ടികൾ, ലൈറ്ററുകൾ, കത്തുന്ന ദ്രാവകങ്ങൾ, കംപ്രസ് ചെയ്ത വാതകങ്ങൾ, സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ, തോക്കുകളും അനുകരണ ആയുധങ്ങളും, കാന്തിക വസ്തുക്കൾ, നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.
അപകടകരവും നിരോധിതവുമായ ഈ വസ്‌തുക്കൾ ബാഗേജിൽ കൊണ്ടുപോകരുതെന്ന് ഹജ്ജ് തീർഥാടകർക്ക് വിമാനത്താവളം നേരത്തെ മുന്നറിയിപ്പ് നൽകിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈൻ കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.