റിയാദ്: തങ്ങൾക്ക് വിധേയപ്പെടാത്തവരെ പലവിധ സമ്മർദങ്ങളിലൂടെ അടിമപ്പെടുത്തുകയെന്ന കേന്ദ്രസർക്കാറിന്റെ നയത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് മീഡിയവൺ ചാനലിനനുകൂലമായ സുപ്രീംകോടതി വിധിയെന്ന് റിയാദിലെ നവോദയ കലാസാംസ്കാരിക വേദി പ്രസ്താവിച്ചു. സീൽ ചെയ്ത കവറിൽ ‘ദേശസുരക്ഷ’ എന്ന പതിവുനാടകത്തിൽ കോടതിയെ വരുതിയിലാക്കാനുള്ള കേന്ദ്ര ഫാഷിസ്റ്റ് നീക്കത്തിനേറ്റ കനത്തപ്രഹരം മാത്രമല്ല, മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന മഹത്തായ സന്ദേശവും ഈ വിധി നൽകുന്നു.
ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ നാഴികക്കല്ലായി ഈ വിധി എക്കാലവും പഠനവിഷയമാകും. കേവലം മാധ്യമസ്വാതന്ത്ര്യത്തിനപ്പുറം ജനാധിപത്യത്തിലെ പൗരസ്വാതന്ത്ര്യവും കൂടിയാണ് ഈ വിധിയിലടങ്ങുന്ന സന്ദേശം. കോടതികൾപോലും ഭരണകൂടത്തിന്റെ വക്താക്കളായി മാറുന്ന ഈ കെട്ടകാലത്ത് ഈ വിധി ഉൽപാദിപ്പിക്കുന്ന പ്രകാശം വളരെ വലുതും മതേതര ജനാധിപത്യവാദികൾക്ക് പ്രതീക്ഷയുടെ പ്രഭാതം കൂടിയാണ്.
അടിച്ചമർത്തലുകൾക്ക് വശപ്പെടാതെ നിർഭയം നിയമപോരാട്ടം നടത്തിയ ചാനൽ അധികൃതർക്ക് അഭിനന്ദനങ്ങളെന്നും നവോദയ റിയാദിന്റെ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.