ജിദ്ദ: 2021 ആഗസ്റ്റ് ഒന്ന് മുതൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലേക്കും ഷോപ്പിങ് മാളുകളിലേക്കും വാക്സിൻ കുത്തിവെപ്പെടുത്തവർക്കായിരിക്കും പ്രവേശനം നൽകുകയെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാക്സിൻ രണ്ട് ഡോസോ, ഒരു ഡോസോ കുത്തിവെപ്പെടുത്തവരോ അല്ലെങ്കിൽ കോവിഡ് ബാധിച്ച് സുഖപ്പെട്ടവരോ ആയിരിക്കണം ഷോപ്പിങ്ങിനെത്തുന്നവരെന്നാണ് നിയമം.
തവക്കൽനാ ആപ്ലിക്കേഷനിലെ ആരോഗ്യ സ്റ്റാറ്റസായി അതു കാണിച്ചിരിക്കണം. വാക്സിനെടുക്കാത്തവർക്ക് കച്ചവട കേന്ദ്രങ്ങളിലേക്ക് പ്രവേശനമുണ്ടാകില്ല.
ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച പ്രായപരിധിയിൽപ്പെടാത്തവരെ തീരുമാനത്തിൽ ഒഴിവാക്കുമെന്നും വക്താവ് പറഞ്ഞു. ശവ്വാൽ മാസം ഒരു ലക്ഷത്തിലധികം പരിശോധന സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
97 ശതമാനം വാണിജ്യ സ്ഥാപനങ്ങളും ആരോഗ്യ മുൻകരുതൽ പാലിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇതു കൂടുതൽ സേവനങ്ങൾ അനുവദിക്കാൻ സഹായിച്ചതായും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.