ജിദ്ദ: മക്ക ഹറമിലെ മത്വാഫ് ഹജ്ജ് തീർഥാടകർക്ക് മാത്രമാക്കുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി എന്നിവരുടെ സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയത്തിന് കീഴിലെ ഹജ്ജ് പ്രവർത്തന പദ്ധതി വിശദീക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മതാഫിന്റെ ബേസ്മെൻറ് നമസ്കരിക്കുന്നവർക്കും ആദ്യനിലയും താഴത്തെ നിലയും ഐഛികമായി ത്വവാഫ് നിർവഹിക്കുന്നവർക്കും മാത്രമാക്കും. കിങ് അബ്ദുൽ അസീസ്, അൽസലാം കവാടങ്ങൾ ഹജ്ജ്, ഉംറ തീർഥാടകരുടെ പ്രവേശനത്തിന് മാത്രമാക്കിയിരിക്കുന്നു. 144 നമ്പർ കവാടം നമസ്കരിക്കുന്നവർക്ക് പ്രവേശിക്കാൻ മാത്രമായിരിക്കും. മൂന്നാം സൗദി വിപുലീകരണ ഭാഗങ്ങൾ, പുറത്തെ മുറ്റങ്ങൾ, കിങ് ഫഹദ് ഹറം വിപുലീകരണ ഭാഗം എന്നിവിടങ്ങളിൽ മുഴുവൻ ശേഷിയിലും തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ചും സഹകരിച്ചും കഴിഞ്ഞ സീസൺ അവസാനം മുതൽ ഹജ്ജ് പ്രവർത്തന പദ്ധതി തയ്യാറാക്കാൻ ആരംഭിച്ചിട്ടുണ്ട്. മുഴുവൻ സമയ സേവനങ്ങളുടെ ഗുണനിലവാരത്തിലും സുസ്ഥിരതയിലും കേന്ദ്രീകരിച്ചുള്ളതാണ് പ്രവർത്തന പദ്ധതി. സേവനങ്ങൾ മികച്ചതാക്കാൻ ഡിജിറ്റലൈസേഷൻ, ആധുനിക സാങ്കേതികവിദ്യകൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ, നാവിഗേഷൻ സംവിധാനങ്ങൾ, ഓട്ടോമേറ്റഡ് റോബോട്ടുകൾ എന്നിവ പരിചയപ്പെടുത്തുന്നതിന് ഇരുഹറം കാര്യാലയം ഇത്തവണ മുൻഗണന നൽകും. തീർത്ഥാടകരുടെ കർമങ്ങൾ സുഗമമാക്കുന്നതിനും അവരുടെ അനുഭവം സമ്പന്നമാക്കുന്നതിനും നിരവധി സ്മാർട്ട് ആപ്ലിക്കേഷനുകളും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളും ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ എണ്ണം 160 ദശലക്ഷം കവിഞ്ഞു.
പ്രതിദിനം 30 ലക്ഷം കുപ്പി സംസം വിതരണം ചെയ്യുന്നു. സംസമിനായി 25,000 ലധികം പാത്രങ്ങൾ ഹറമിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഹറമിനകവും പുറത്തെ മുറ്റങ്ങളും ദിവസം പത്ത് തവണ അണുവിമുക്തമാക്കുന്നുണ്ട്. പ്രായമാവർക്കും ഭിന്നശേഷിക്കാർക്കും 1,800 അധികം ഇലക്ട്രിക് വണ്ടികൾ ഉണ്ട്. 'തനഖുൽ' എന്ന ആപ്പ് വഴി ഇവ മുൻകൂട്ടി ബുക്ക് ചെയ്യാം. മുഴുവൻ എൻജിനീയറിങ് പ്രവർത്തന സംവിധാനങ്ങളുടെ മേൽനോട്ടം വഹിക്കാൻ 500 ലധികം ജീവനക്കാരുണ്ടാകും. ഹറമിനുള്ളിൽ മുതിർന്ന പണ്ഡിതന്മാരുടെയും ഇമാമുമാരുടെയും അധ്യാപകരുടെയും പഠന ക്ലാസുകൾ ഒരുക്കിയിട്ടുണ്ടന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.