റിയാദ്: തിരുവനന്തുപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരിൽനിന്നും ഈടാക്കുന്ന യൂസർ ഫീ വർധിപ്പിച്ചതിൽ പ്രവാസകൾക്കിടയിൽ വ്യാപക പ്രതിഷേധം. പ്രവാസികളെ ചോദിക്കാനും പറയാനും ആളില്ലാത്ത അനാഥ സമൂഹമാക്കുകയാണ് ഇരു സർക്കാറുകളുമെന്ന് പ്രവാസി സംഘടനകൾ കുറ്റപ്പെടുത്തി. ‘ഒട്ടകത്തിന് സ്ഥലം കൊടുത്തപോലെ’ എന്ന ചൊല്ല് അന്വർത്ഥമായ അവസ്ഥയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുവാനെന്ന പേരിൽ വിമാനത്താവളത്തിന്റെ നിയന്ത്രണം പൂർണമായും സ്വകാര്യമേഖലക്കു വിട്ടുകൊടുക്കുകയും ക്രമേണ നിയന്ത്രിക്കാനാകാത്ത തരത്തിലുള്ള മേധാവിത്തം യാത്രക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുകയും ചെയ്തിരിക്കുന്ന അവസ്ഥയാണിപ്പോൾ. യാത്രക്കാർ എത്ര ബുദ്ധിമുട്ടിയാലും മുതലാളിക്ക് ഒരു ബുദ്ധിമുട്ടും വരുത്തരുതെന്ന സർക്കാർ സമീപനം അപലപനീയമാണ്. ഒരു ജനാധിപത്യ ഭരണക്രമത്തിൽ യോജിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഇത്തരം കച്ചവടവൽക്കരണം എതിർക്കപ്പെടേണ്ടതാണ്. ഒരു ഉപയോക്താവെന്ന നിലയിൽ യൂസർ ഫീ വർധനവിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും റിയാദിലെ വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തകൻ ഡോ. കെ.ആർ. ജയചന്ദ്രൻ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം ഉൾപ്പടെയുള്ള പരിവർത്തന പദ്ധതികൾ വഴി തൊഴിൽ നഷ്ടപ്പെട്ടും ശമ്പളം വെട്ടികുറക്കപ്പെട്ടും പ്രവാസികൾ പ്രതിസന്ധി നേരിടുന്ന സമയത്ത് സർക്കാർ സംവിധാനങ്ങൾ സഹായിക്കേണ്ടതിനു പകരം ഉപദ്രവിക്കുകയാണെന്ന് തിരവനന്തപുരം സ്വദേശിയും ഒ.ഐ.സി.സി നേതാവുമായ അഡ്വ. എൽ.കെ.അജിത് പറഞ്ഞു. പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്ന് പറയുന്ന സർക്കാർ ഇക്കാര്യത്തിൽ ചെറുവിരൽ പോലും അനക്കിയില്ലെന്നും ഇരു സർക്കാറുകളും സ്വകാര്യ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുടുംബാംഗങ്ങൾ സന്ദർശന വിസയിലെത്തുമ്പോൾ ഭാരിച്ച തുകയാണ് ടിക്കറ്റിനു പുറമെ എയർപോർട്ട് ഫീസായി നൽകേണ്ടി വരിക. റിയാദിൽനിന്ന് നേരിട്ട് വിമാനം ആവശ്യപ്പെട്ട് കാലങ്ങളായി സർക്കാരുകൾക്ക് പിറകെ നടന്നിട്ട് ഇതുവരെ പരിഹാരമായിട്ടില്ല. ചുറ്റിവളഞ്ഞു പോകേണ്ട യാത്രാചെലവും അതിനോടൊപ്പം വലിയ തുക യൂസർ ഫീയും നൽകേണ്ടി വരുന്നത് പ്രവാസികളോട് ചെയ്യുന്ന ക്രൂരതയാണെന്ന് റിയാദിലെ പ്രവാസി വ്യവസായി നൗഷാദ് കറ്റാനം പറഞ്ഞു. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർ ഫീ. പുതുക്കിയ നിരക്കനുസരിച്ച് ജൂലൈ ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 31 വരെ ആഭ്യന്തര യാത്രക്ക് 770 രൂപയും വന്നിറങ്ങുമ്പോൾ 330 രൂപയും നൽകണം. 2025-26ൽ ഇത് യഥാക്രമം 840, 360 എന്ന നിലയിൽ ഉയരും.
ഇതിനുപുറമെ വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2,200 രൂപ ഫ്യുവൽ സർചാർജും ഏർപ്പെടുത്തി. ഇതെല്ലാം യാത്രക്കാർ ടിക്കറ്റിനോടൊപ്പം സഹിക്കേണ്ടി വരും. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് (എ.ഇ.ആർ.എ.) വിമാനത്താവളങ്ങളുടെ യൂസർ ഡവലപ്മെന്റ് ഫീ (യു.ഡി.എസ്.) നിശ്ചയിക്കുന്നത്. പ്രതിഷേധം ശ്രദ്ധയിൽപെട്ട് കേന്ദ്ര-കേരള സർക്കാറുകൾ വിഷയത്തിൽ ഇടപെടുമെന്നാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.