റിയാദ്: ദേശദ്രോഹം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, കൊലപാതകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾ നടത്തിയ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ നാലഞ്ച് ദിവസത്തിനിടെ ഒമ്പത് പ്രതികൾ ശിക്ഷക്ക് വിധേയരായി.
മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുക, തീവ്രവാദ സംഘടനകളിൽ ചേരുക, നിരവധി തീവ്രവാദ ഘടകങ്ങൾക്ക് മറയായി പ്രവർത്തിക്കുക, ധനസഹായം ചെയ്യുക എന്നീ ക്രിമിനൽ പ്രവൃത്തികൾ ചെയ്ത രണ്ട് പൗരന്മാരെ വധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദ് ബിൻ സാലെഹ് ബിൻ അബ്ദുല്ല അൽ കഅബി, ആയ്ദ് ബിൻ ഹാഇൽ ബിൻ ഹിന്ദി അൽ അൻസി എന്നിവരായിരുന്നു പ്രതികൾ.
മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ സൗദി പൗരൻ സൽമാൻ ബിൻ സുൽത്താൻ ബിൻ ഔദ അൽ ബുഹൈറാൻ, സിറിയൻ പൗരന്മാരായ ഒമർ ഹൈതം മാൻഡോ, ജോർഡൻ സ്വദേശികളായ മഹമൂദ് അബ്ദുല്ല ഹുജൈജ്, സുലൈമാന്‍ ഈദ് സുലൈമാന്‍, അതല്ല അലി ദുഗൈമാന്‍ സാലിം, നാജിഹ് മിശ്ഹന്‍ ബഖീത്ത് എന്നിവരെ വ്യത്യസ്ത ദിവസങ്ങളിലായി സൗദി വടക്കൻ മേഖലയിലെ അൽ ജൗഫിലും ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായ മീസരി ഖാൻ നവാബിനെ മക്കയിലും വധശിക്ഷക്ക് വിധേയമാക്കി.
ബുറൈദയിൽ ബംഗ്ലാദേശ് പൗരനെ കഴുത്തറുത്തു കൊന്ന കേസിൽ അറസ്റ്റിലായിരുന്ന പാകിസ്താൻ പൗരൻ സിഫത് ലോല അന്‍വര്‍ ഷായുടെ വധശിക്ഷ നടപ്പാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മദ് ബശീര്‍ അഹ്മദ് റഹ്മാൻ എന്നയാളെയാണ് കൊലപ്പെടുത്തിയത്. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി അപ്രതീക്ഷിതമായി അടിച്ചുവീഴ്ത്തി കഴുത്തറുത്തു കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിടുകയായിരുന്നു എന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.