ജിദ്ദ: തിരുവനന്തപുരം വിമാനത്താവള യൂസർ ഫീ വർധനവിനെതിരെ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജിദ്ദ ശക്തമായി പ്രതിഷേധിച്ചു. ഒരു നിയന്ത്രണവുമില്ലാതെ തുടരുന്ന വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് കൊള്ളയിൽ പ്രവാസികൾ നട്ടംതിരിയുമ്പോഴുള്ള ഈ യൂസർ ഫീ വർധനവ് പ്രവാസികൾക്ക് ഇരുട്ടടിയായി. തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങൾ പ്രവാസി സൗഹൃദമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് ടി.പി.എ ജിദ്ദ ആവശ്യപ്പെട്ടു.
കൊല്ലം ആലപ്പുഴ പത്തനംതിട്ടയും കൂടാതെ തെക്കൻ തമിഴ്നാട് ജില്ലകളിൽ നിന്നുമുൾപ്പടെ നിരവധി പ്രവാസികൾ ആശ്രയിക്കുന്ന കേരളത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായ തിരുവനന്തപുരത്തെ യൂസർ ഫീ വർധന സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കൂടാതെ ടി.പി.എ ജിദ്ദ ഉൾപ്പെടെ നിരവധി നിവേദനങ്ങളും പരാതികളും നൽകിയതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ജിദ്ദ-തിരുവനന്തപുരം നേരിട്ടുള്ള വിമാന സർവിസും കഴിഞ്ഞ ഏതാനും വർഷങ്ങളായി മുടങ്ങി കിടക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവള യൂസർ ഫീ പിൻവലിക്കുക, ജിദ്ദയിൽനിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകുന്നതിനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജിദ്ദ മുന്നിട്ടിറങ്ങുമെന്ന് പ്രസിഡന്റ് നാസിമുദ്ദീൻ മണനാക്ക്, ജനറൽ സെക്രട്ടറി ഹുസൈൻ ബാലരാമപുരം എന്നിവർ വാർത്താക്കുറിപ്പിൽ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.