ജിദ്ദ: സൗദിയിലെ വിമാനത്താവളങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പും വികസന ഉത്തരവാദിത്വവും പൊതു നിക്ഷേപ ഫണ്ടിലേക്ക് മാറ്റുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ അസീസ് അൽദുലൈജ് വ്യക്തമാക്കി. ‘ദമാനിയ’ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 2030ൽ റിയാദിൽ ആരംഭിക്കുന്ന കിങ് സൽമാൻ എയർപോർട്ടിൽ നാല് റൺവേകളിലൂടെ 12 കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. 2050ൽ ആറ് റൺവേകളിലായി ഏകദേശം 18.5 കോടി യാത്രക്കാരായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിമാനത്താവളങ്ങളുടെയും ആസ്തികൾ ഉൾപ്പെടെ ഉടമസ്ഥാവകാശം പൊതുനിക്ഷേപ ഫണ്ടിലേക്ക് മാറ്റും. വരും മാസങ്ങളിൽ ഇതാരംഭിക്കും. റിയാദിലെയും ദമ്മാമിലെയും വിമാനത്താവളങ്ങൾ ഇതിനായി സജ്ജമായി കഴിഞ്ഞു. റിയാദിലെ നിർദ്ദിഷ്ട കിങ് സൽമാൻ വിമാനത്താവളത്തിെൻറ സ്ഥാനം നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ശക്തമായ അടിസ്ഥാന സൗകര്യങ്ങളാണ്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിലുള്ള ഒരു സ്ഥാപക സമിതിയും പൊതു നിക്ഷേപ ഫണ്ടിൽ നിന്ന് നേരിട്ടുള്ള മേൽനോട്ടവും അതിനുണ്ട്.
സൗദി പുതിയ വിമാനക്കമ്പനികൾ ആരംഭിക്കാനും ഉദ്ദേശിക്കുന്നു. സൗദി എയർലൈൻസിനെ പൂർണമായും ആശ്രയിക്കുന്നത് ഒഴിവാക്കാനാണിത്. നിലവിൽ സൗദി എയർലൈൻസിന് 140 വിമാനങ്ങളുണ്ട്. രാജ്യത്തിെൻറ ഭൂമിശാസ്ത്രപരമായ വലിപ്പം ഉൾക്കൊള്ളാൻ ഇത്രയും വിമാനങ്ങൾ പര്യാപ്തമല്ല. ആവശ്യങ്ങൾ പൂർണമായും ഉൾക്കൊള്ളാനാകുന്നില്ല. പുതിയ എയർലൈനുകളും പൊതുനിക്ഷേപ ഫണ്ടിെൻറ മേൽനോട്ടത്തിയായിരിക്കുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന്, നാല് ടെർമിനലുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും നവീകരണം പൂർത്തിയാക്കുകയും ചെയ്തു. ഇനി ഒന്ന്, രണ്ട്, അഞ്ച് ടെർമിനലുകളുടെ നവീകരണമാണ്. ബെൽറ്റ് സംവിധാനങ്ങൾ, വൈദ്യുതി, മുഴുവൻ സംവിധാനങ്ങൾ എന്നിവയുടെ കാര്യത്തിൽ പൂർണമായ നവീകരണം ആവശ്യമാണ്. ഒന്നാം ടെർമിനൽ നവീകരണ ജോലികൾ ആഴ്ചകൾക്കുള്ളിൽ ആരംഭിക്കും. ഇവിടെ ഒാപറേറ്റ് ചെയ്യുന്ന വിദേശ വിമാനങ്ങളെ ഒരു വർഷത്തേക്ക് ടെർമിനൽ രണ്ടിലേക്ക് മാറ്റും. ടെർമിനൽ ഒന്നിലെ പ്രവർത്തികൾ പൂർത്തിയായി തുറന്നാൽ ടെർമിനൽ രണ്ട് നവീകരിക്കുന്നതിനുള്ള ജോലികൾ ആരംഭിക്കും.
കഴിഞ്ഞ റമദാനിൽ ജിദ്ദ വിമാനത്താവളത്തിലുണ്ടായ പ്രശ്നങ്ങൾ സങ്കടകരമാണ്. അതിെൻറ പൂർണ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്. ഈ പ്രശ്നം ഉണ്ടാകാനിടയാക്കിയ കാരണങ്ങളെല്ലാം അന്വേഷിക്കുകയും പഠിക്കുകയും ചെയ്യും. നിരീക്ഷണ-നിയന്ത്രണ കാമറകൾ പ്രവർത്തനക്ഷമമാക്കുകയും വർഷം മുഴുവൻ ഹജ്ജ് ഹാൾ സജീവമാക്കുകയും ചെയ്തുകൊണ്ടാണ് പ്രശ്നപരിഹാരം നടത്തുന്നത്. യാത്രക്കാരന് നൽകുന്ന സേവനങ്ങളുടെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും തകരാറുണ്ടെങ്കിൽ അത് തുടർന്നുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.