റിയാദ്: ആളുകളെ ആകർഷിച്ച് മലമുകളിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രം. തെക്കുപടിഞ്ഞാറൻ സൗദിയിലെ അൽ ബാഹ നഗരത്തിനുള്ളിൽ അൽ ഖയ്യിമിലുള്ള അൽ ഹുസ്സാം പാർക്കാണ് ആകർഷണ കേന്ദ്രം. മേഖലയിലെ ഏറ്റവും സുപ്രധാന ടൂറിസം കേന്ദ്രമായി എല്ലാ വിഭാഗം സഞ്ചാരികളെയും ആകർഷിക്കുകയാണ്. ‘അൽ ബാഹ സമ്മർ 44’ വേനൽക്കാല ആഘോഷങ്ങളുടെ ഭാഗമായി നിരവധി വിനോദ പരിപാടികളും ഇവിടെ സംഘടിപ്പിച്ച് സന്ദർശകരെ രസിപ്പിക്കുകയാണ്.
അൽ ബാഹ നഗരമധ്യത്തിൽ ഒന്നര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മലമുകളിലെ ഈ മനോഹര പാർക്ക് പരന്നുകിടക്കുന്നത്. ആകെ വിസ്തൃതിയിലെ 80,000 ചതുരശ്ര മീറ്റർ പ്രദേശത്തും ഹരിത കമ്പളം വിരിച്ച് മനോരമ്യമാക്കിയിട്ടുണ്ട്. സന്ദർശകർക്കായി വിശ്രമിക്കാനും വിനോദ പ്രവൃത്തികളിലേർപ്പെടാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ക്രമീകരിച്ച ആരാധനാലയങ്ങൾ, ഓപൺ എയർ തിയറ്റർ, വർണവെളിച്ചത്തിൽ നൃത്തമാടും ജലധാര, 500 വാഹനങ്ങൾക്ക് നിർത്തിയിടാൻ സൗകര്യമുള്ള പാർക്കിങ് സ്ഥലം, കുടിൽ വ്യവസായ ഉൽപന്നങ്ങളുടെയും അന്താരാഷ്ട്ര ബ്രാൻഡുകളുടെയും കിയോസ്കുകൾ, കുടുംബങ്ങൾക്കും അല്ലാത്തവർക്കും വിശ്രമിക്കാനും വിനോദത്തിനും 36 പ്രത്യേകതരം ഇടങ്ങൾ, വിശ്രമിക്കാൻ 21 കുടകൾ, വ്യായാമ നടത്തത്തിന് 700 മീറ്റർ നടപ്പാത, നാല് ടോയിലറ്റ് കെട്ടിട സമുച്ചയം എന്നിവ പാർക്കിലുണ്ട്.
സന്ദർശകർക്ക് ശാന്തത പകരുന്ന പ്രകൃത്യാലുള്ള ലാൻഡ്സ്കേപ്പുകൾ, ഹരിത ഇടങ്ങൾ, 10 മീറ്റർ വീതം ഉയരമുള്ള രണ്ട് വെള്ളച്ചാട്ടങ്ങൾ, അരുവികൾ എന്നിവയടങ്ങിയ 1200 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള എന്നിവയും അൽ ഹുസ്സാം പാർക്കിനോട് ചേർന്നുണ്ട്. നാലായിരം കുറ്റിച്ചെടികളും 1400 മരങ്ങളും ഇവിടെയുണ്ട്. അൽ മഖ്വ പട്ടണത്തിലേക്ക് അൽ ബാഹയിൽനിന്നുള്ള കിങ് ഫഹദ് റോഡിൽനിന്ന് ഈ പാർക്കിന്റെ കാഴ്ച അനിർവചനീയമാണ്. വേനൽക്കാലത്ത് അൽ ഹുസ്സാം ഉൾപ്പെടെ പ്രദേശത്തെ പാർക്കുകളിലേക്ക് ആയിരക്കണക്കിന് സന്ദർശകരാണ് ദിനേന എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.