ജിദ്ദ: മക്ക മസ്ജിദുൽ ഹറാം കാര്യാലയത്തിനു കീഴിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു. ഇൻഫർമേഷൻ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബിയുടെ സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രവർത്തനങ്ങളെ പത്ത് വിഭാഗമായി തിരിച്ചാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇരുഹറമിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിൽ യാതൊരു അലംഭാവവും കാണിക്കില്ലെന്ന് ഇരുഹറം കാര്യാലയ മേധാവി ഊന്നിപ്പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേഷൻ, മേൽനോട്ടം, മാനവവിഭവശേഷി, പഠനം, മാർഗനിർദേശം, സേവനം, ഓപറേഷൻ, എൻജിനീയറിങ്, മീഡിയ, ആശയവിനിമയം, ഡിജിറ്റൽ, ട്രാൻസ്ലേഷൻ, വികസനം, സാമൂഹിക പ്രവർത്തനം, മുൻകരുതൽ, ഏകോപനം, സൂപ്പർവൈസറി, സ്ത്രീകൾ എന്നിങ്ങനെ തിരിച്ചാണ് റമദാൻ പ്രവർത്തന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഹറമിലെ ഒന്നാംനില, കിങ് ഫഹദ് വികസന ഭാഗം ഒന്നാംനില, കിങ് ഫഹദ് ഹറം വികസന ഭാഗം മേൽതട്ട്, അടിഭാഗം, മൂന്നാം സൗദി വികസന ഘട്ടത്തിലെ മുറ്റങ്ങൾ, കിഴക്കേ മുറ്റം എന്നിവിടങ്ങളിൽ നമസ്കാരത്തിന് സൗകര്യമൊരുക്കും. നമസ്കാരത്തിനു നിശ്ചയിച്ച സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിന് സ്റ്റിക്കർ പതിക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കും. ഒരോ നമസ്കാരത്തിനും മുമ്പും ശേഷവും അണുമുക്തമാക്കും. നമസ്കരിക്കാനെത്തുന്നവരുടെ പ്രവേശനം നിശ്ചിത കവാടങ്ങളിലൂടെ മാത്രമായിരിക്കും. അനുമതി പത്രങ്ങൾ പരിശോധിക്കും. ഹറമിലേക്ക് വരുന്നവർ ഇഅ്തർമനാ ആപ് കവാടങ്ങളിൽ കാണിച്ചിരിക്കണം. മത്വാഫ് ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിക്കും. അനുമതി പത്രത്തിൽ കാണിച്ച സമയം തീർഥാടകർ പാലിച്ചിട്ടുണ്ടോ, മാസ്ക് ധരിച്ചിട്ടുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നെല്ലാം ഉറപ്പുവരുത്തും.
റമദാനിൽ ഹറമിൽ സേവനത്തിനായി കാര്യാലയത്തിനു കീഴിലെ പരിശീലനം നേടിയ പുരുഷന്മാരും സ്ത്രീകളുമായി 4,422 ജീവനക്കാരുണ്ടാകും. വിത്യസ്ത ഷിഫ്റ്റുകളിലായിരിക്കും ഇവരുടെ ജോലി. തറാവീഹ്, ഖിയാമുലൈൽ നമസ്കാര സമയങ്ങളിൽ ജോലിക്കാരുടെ എണ്ണം വർധിപ്പിക്കും. ത്വവാഫിന് 14 പാതകൾ നിശ്ചയിക്കും. കഅ്ബയോട് ഏറ്റവുമടുത്ത മൂന്ന് പാതകൾ പ്രായം കൂടിയവർക്കും ഭിന്നശേഷിക്കാർക്കുമായിരിക്കും. അണുമുക്തമാക്കുന്നതിനും ശുചീകരണ ജോലികൾക്കും ഏകദേശം 5,000 തൊഴിലാളികൾ ഉണ്ടാകും. നമസ്കാര അണികൾക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ സ്റ്റിക്കറുകൾ പതിക്കും. ഒരോ നമസ്കാര ശേഷവും വിരിപ്പുകൾ എടുത്തുമാറ്റും. നമസ്കാരത്തിനു മുമ്പും ശേഷവും സ്ഥലം അണുമുക്തമാക്കും. സാധാരണ കഴുകലിനു പുറമെ ദിവസവും പള്ളിക്കകം പത്ത് തവണ വരെ കഴുകും. ജീവനക്കാരെയും തൊഴിലാളികളെയും പ്രത്യേകിച്ച് തീർഥാടകരുമായി ഇടപഴകുന്നവരെ ഇടക്കിടെ പരിശോധനക്ക് വിധേയമാക്കും. പ്രമുഖരായ പണ്ഡിതന്മാരെ ഉൾപ്പെടുത്തി അഞ്ച് ഭാഷകളിൽ150 പഠന കാസ്സുകൾ ഹറം പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കും.
നാല് വൈജ്ഞാനിക മത്സരം നടത്തും. ഹറം കെട്ടിട എക്സിബിഷൻ, കിസ്വ ഫാക്ടറി, ഹറം ലൈബറി എന്നിവിടങ്ങളിലേക്ക് ആരോഗ്യ മുൻകരുതൽ പാലിച്ച് ആളുകളെ സ്വീകരിക്കും. ഇഫ്താർ സുപ്രകളും ഇഅ്തികാഫും ഇത്തവണ ഉണ്ടാകില്ല. ഇഫ്താർ വിഭവങ്ങൾ ഗവർണറേറ്റിനു കീഴിലെ പ്രത്യേക കമ്മിറ്റിയുമായി സഹകരിച്ച് വിതരണം ചെയ്യും. ഹറമിനകത്തേക്ക് ഈത്തപഴം മാത്രം കൊണ്ടുവരാനേ അനുവദിക്കൂ. ഇഫ്താർ സമയത്ത് പാലിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കും. ദിവസവും രണ്ട് ലക്ഷം സംസം ബോട്ടിൽ വിതരണം ചെയ്യും.
തെക്കൻ അതിർത്തികളിൽ നിലയുറപ്പിച്ചിട്ടുള്ള സൈനികൾക്ക് സംസം എത്തിക്കും. ഭിന്നശേഷിക്കാർക്ക് നമസ്കരികാൻ പ്രത്യേക സ്ഥലമൊരുക്കും. സംശയങ്ങൾ ദൂരീകരിക്കുന്നതിനും വിവിധ ഭാഷകളിൽ മാർഗനിർദേശങ്ങൾ നൽകുന്നതിനും പണ്ഡിതന്മാരും വിവർത്തകരുമുണ്ടായിരിക്കും. രണ്ട് ഡോക്യുമെൻററി ഫിലിമുകൾ പുറത്തിറക്കും. ടെലിവിഷൻ പ്രക്ഷേപണ പരിപാടികൾ ഒരുക്കും, ഇൻഫർമേഷൻ മന്ത്രാലയവുമായി സഹകരിച്ച് ഹറമിലെ സേവന പ്രവർത്തനങ്ങൾ ലോകത്തിനു മുമ്പാകെ കാണിക്കും എന്നിവ ഹറം കാര്യാലയം പുറത്തിറക്കിയ പദ്ധതിയിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.