റിയാദ്: പശ്ചിമേഷ്യ, ഉത്തര ആഫ്രിക്ക മേഖലകളിൽ നിന്നുള്ള യാത്രികരുടെ പ്രിയപ്പെട്ട സഞ്ചാര ലക്ഷ്യങ്ങളിൽ ഇന്ത്യ രണ്ടാമതും സൗദി അറേബ്യ മൂന്നാമതും. ദുബൈ ആസ്ഥാനമായ പ്രമുഖ ഒാൺലൈൻ ടൂർ കമ്പനി വീഗോയുടെ വെബ്സൈറ്റ്, ആപ് എന്നിവയിൽ നിന്നുള്ള കഴിഞ്ഞ മൂന്നുമാസ കാലയളവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്കിങ്ങിലാണ് ഒന്നാം സ്ഥാനത്തുള്ള ഇൗജിപ്തിന് തൊട്ടു പിന്നിൽ ഇന്ത്യയും സൗദി അറേബ്യയും സ്ഥാനം പിടിച്ചത്. 25 രാജ്യങ്ങളുടെ പട്ടികയിൽ തുർക്കി നാലാം സ്ഥാനത്താണ്. യു.എ.ഇ പതിവുപോലെ അഞ്ചാമതും. തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ജോർജിയ, ശ്രീലങ്ക തുടങ്ങി വിനോദ സഞ്ചാരത്തിന് പേരുകേട്ട മറ്റ് രാജ്യങ്ങളെല്ലാം പട്ടികയിൽ വളരെ താഴെയാണ്. വിസ കിട്ടൽ താരതമ്യേന ദുഷ്കരമായ ബ്രിട്ടൻ 14ഉം അമേരിക്ക 18ഉം സ്ഥാനങ്ങളിലാണ്. ഫ്രാൻസ് 24ഉം ബഹ്റൈൻ 25ാം സ്ഥാനങ്ങളിൽ. ഇൗ വർഷം രണ്ടാം പാദത്തിലെ ഇൗ വീഗോ റാങ്കിങ് പട്ടിക പ്രതിഫലിപ്പിക്കുന്നത് ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ ദൃശ്യമായ ദിശാമാറ്റമാണ്. സഞ്ചാരികളുടെ അഭിരുചിയിലുണ്ടായ നാടകീയമായ വ്യതിചലനം സഞ്ചാര ലക്ഷ്യങ്ങളുടെ പുതിയ അടയാളപ്പെടുത്തലുകളിൽ പ്രകടമാകുന്നു. ചരിത്രപരവും ഭൂമിശാസ്ത്ര, സാമ്പത്തിക കാരണങ്ങളാൽ ഇൗജിപ്തിെൻറ സ്ഥാനം മാറ്റമില്ലാതെ തുടരുേമ്പാഴും ഇന്ത്യയും സൗദി അറേബ്യയും തൊട്ടടുത്ത് എത്തുന്നത് വലിയ മാറ്റത്തിെൻറ ദിശാസൂചികയായി വിനോദ സഞ്ചാര വൃത്തങ്ങൾ വിലയിരുത്തുന്നു. ഇന്ത്യയുടേത് ഇൗ രംഗത്തെ വൻ കുതിപ്പാണ്. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്നു. അറബ് സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന പ്രകടമാണ്. ഇന്ത്യ അവരുടെ പ്രധാന വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. ഇതോടൊപ്പം ഇതേ കാലയവളിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികളുടെ റമദാൻ, മധ്യവേനലവധി പ്രമാണിച്ചുള്ള യാത്രകളും കൂടിയായപ്പോൾ ഇന്ത്യയിലേക്കുള്ള വ്യോമ യാത്രികരുടെ കാര്യത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ഇതെല്ലാം റാങ്കിങ്ങിൽ മുകളിലേക്കുള്ള കുതിപ്പിന് ഇന്ത്യയെ സഹായിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതേ കാരണം പാകിസ്താനെ കഴിഞ്ഞവർഷത്തെ 11ാം സ്ഥാനത്ത് നിന്ന് ഒമ്പതിലേക്ക് ഉയർത്തി. അതേസമയം സൗദി അറേബ്യയുടെ കുതിപ്പിന് ബിസിനസ് വിസ നടപടിക്രമങ്ങളുടെ ലഘൂകരണവും ഉംറ വിസകളുടെ വർധനയും കാരണങ്ങളാണ്. എന്നാൽ അതിലേറെ സൗദി വിനോദസഞ്ചാരത്തിലേക്ക് മറ്റ് അറബ് ദേശങ്ങളിൽ നിന്നുള്ളവർ ആകൃഷ്ടരായി എന്നതാണ് പ്രധാന കാരണം. ആഭ്യന്തര വിനോദ സഞ്ചാര വികസനത്തിൽ പ്രത്യേക ശ്രദ്ധ ഉൗന്നുന്നതും മനുഷ്യ ചരിത്രത്തിലെ നിർണായകമായ പല തെളിവുകളും പുതുതായി കെണ്ടത്തുന്നതിലൂടെ ആർജ്ജിതമാകുന്ന ചരിത്രപരമായ പ്രാധാന്യവുമാണ് ഇക്കാര്യത്തിൽ സൗദിയെ സഹായിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.