റിയാദ്: സൗദിയിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ജിദ്ദയിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി( KAUST) നിക്ഷേപം നടത്തുന്നു. ഗൂഗ്ളുമായി സഹകരിച്ചാണ് സൗദിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണത്തെ പിന്തുണക്കുന്നതിനുള്ള നിക്ഷേപപദ്ധതി ആരംഭിച്ചത്.
യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടേഷനൽ സയൻസസ് ആൻഡ് എൻജിനീയറിങ് വകുപ്പിൽനിന്നുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷകർക്ക് ഒരു ലക്ഷം ഡോളർ ഗവേഷണ ഗ്രാൻറുകൾ നൽകിയാണ് ഇത് ചെയ്യുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഈ ഗ്രാൻറുകളുടെ ആരംഭം ജനറേറ്റിവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ പുതിയ കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള യൂനിവേഴ്സിറ്റിയുടെ പ്രഖ്യാപനവുമായി പൊരുത്തപ്പെടുന്നതാണ്.
ജനറേറ്റിവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണത്തിലെ മികവ് ത്വരിതപ്പെടുത്തുന്നതിനാണ് കേന്ദ്രം പ്രവർത്തിക്കുക. ഇത്തരം പങ്കാളിത്തങ്ങളിലൂടെ കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, മാത്തമാറ്റിക്കൽ സയൻസസ്, എൻജിനീയറിങ് വകുപ്പിലെ കഴിവുകളുടെ ഗുണനിലവാരത്തിൽ യൂനിവേഴ്സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്ന് കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടേഷനൽ സയൻസസ് ആൻഡ് എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ. ജിയാൻലൂക്ക സെറ്റി പറഞ്ഞു. മൾട്ടി-ലാംഗ്വേജ്, മൾട്ടി മോഡൽ മെഷീൻ ലേണിങ് മേഖലയിലെ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഈ ഗ്രാൻറുകൾ അക്കാദമിക് സ്റ്റാഫുകളെ അനുവദിക്കും.
വലിയ സാമൂഹിക സ്വാധീനം ചെലുത്താൻ കഴിയുന്ന മേഖലകളിൽ വലിയ മാതൃകകൾ വികസിപ്പിക്കുമെന്നും ജിയാൻ ലൂക്ക സെറ്റി പറഞ്ഞു. യൂനിവേഴ്സിറ്റിയിലെ ലോകോത്തര ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണത്തിൽ ഗൂഗ്ളിന്റെ താൽപര്യം ഈ ഗ്രാൻറുകൾ സ്ഥിരീകരിക്കുന്നുവെന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗം മേധാവി പ്രഫ. ജർഗൻ ഷ്മിദുബർ പറഞ്ഞു. കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കമ്പ്യൂട്ടർ സയൻസ് റാങ്കിങ്ങിൽ ആഗോളതലത്തിൽ 17ാം സ്ഥാനത്താണ് എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.