റിയാദ്: പത്താമത് ഏഷ്യൻ വിന്റർ ഗെയിംസിന് നിയോം സിറ്റിയിലെ പർവത വിനോദസഞ്ചാര കേന്ദ്രമായ ട്രോജിനയിൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഇതിനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരം സൗദി ഒളിമ്പിക് ആൻഡ് പാരാലിംബിക് കമ്മിറ്റി (എസ്.ഒ.പി.സി) ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യക്ക് (ഒ.സി.എ) കൈമാറിയിരുന്നു. ചൊവ്വാഴ്ച കംബോഡിയയിൽ നടന്ന ഒ.സി.എ ജനറൽ അസംബ്ലി ഏകകണ്ഠമായാണ് സൗദിയുടെ ആവശ്യം അംഗീകരിച്ചത്. കായികമന്ത്രിയും
എസ്.ഒ.പി.സി പ്രസിഡന്റുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, നിയോം നഗര പദ്ധതി സി.ഇ.ഒ നദ്മി അൽ നാസർ ഒളിമ്പിക് കൗൺസിൽ ആക്ടിങ് പ്രസിഡന്റ് രാജാ രൺധീർ സിങ് എന്നിവർ ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.
സൗദിയുടെ യുവ വിന്റർ സ്പോർട്സ് അത്‌ലറ്റുകളായ ആൽ പൈൻ സ്‌കീയർ ഫായിക് അബ്ദി, ഐസ് ഹോക്കി താരം സദീം അൽ തുഹാമിയും ജനറൽ അസംബ്ലിയിൽ പങ്കെടുത്ത സൗദി സംഘത്തിലുണ്ടായിരുന്നു.
26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമാണം പുരോഗമിക്കുന്ന, 'വിഷൻ 2030'മായി ബന്ധപ്പെട്ട സൗദിയുടെ സ്വപ്നനഗര പദ്ധതിയായ 'നിയോമി'ലെ മഞ്ഞുവീഴ്ചയുള്ള പർവത വിനോദ സഞ്ചാരകേന്ദ്രമാണ് ട്രോജിന. 'നിയോം' ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വധിക്കാനുള്ള സന്നദ്ധത ഏഷ്യൻ ഒളിമ്പിക് കൗൺസിലിനെ അറിയിച്ചതെന്ന് എസ്.ഒ.പി. സി പ്രസിഡന്റ് അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ കത്ത് കൈമാറിയ വേളയിൽ വെളിപ്പെടുത്തിയിരുന്നു.
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയിലെ അംഗരാജ്യങ്ങൾക്കുവേണ്ടി നടത്തുന്ന അന്താരാഷ്ട്ര ശൈത്യകാല കായികമത്സരമാണ് ഏഷ്യൻ വിന്റർ ഗെയിംസ്. 2017ൽ എട്ടാമത് വിന്റർ ഗെയിംസ് നടന്നത് ജപ്പാനിലെ സപ്പോറയിലായിരുന്നു. 2025ലെ ഒമ്പതാമത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് ഗാങ് വോൺ പ്രവിശ്യയിൽ ദക്ഷിണ കൊറിയയാണ്.
പത്താമത് വിന്റർ ഗെയിംസ് അരങ്ങേറുന്ന ട്രോജിന ഗൾഫ് മേഖലയിലെ ആദ്യ മൗണ്ടൻ സ്‌കീയിങ് പ്രദേശമാണ്. വിഷൻ 2030ന്റെ ലക്ഷ്യങ്ങളിലൊന്നായ പർവത വിനോദസഞ്ചാരത്തിന്റെ കേന്ദ്രം കൂടിയായ ഇവിടെ 2026 ഓടെ നിരവധി പദ്ധതികളാണ് പൂർത്തിയാകുമെന്ന് കരുതുന്നത്. കായികകേന്ദ്രങ്ങൾ, സാഹസിക യജ്ഞങ്ങൾക്കുള്ള സ്ഥിരം സംവിധാനങ്ങൾ, വിനോദ-സംഗീത പരിപാടികൾക്കുള്ള വേദികൾ എന്നിവ കൂടാതെ ആഡംബര ഗെസ്റ്റ് ഹൗസുകളും ലോകോത്തര റസ്റ്റാറന്റുകളും ഇവിടെ സ്ഥാപിതമാകും. വടക്കുപടിഞ്ഞാറൻ പർവതനിരകളിലെ ട്രോജിന വിന്റർ ഗെയിംസ് മനോഹരമായ ഭൂപ്രകൃതിയും സവിശേഷമായ വാസ്തുവിദ്യയും നൂതന സാങ്കേതികവിദ്യയും ചേർന്ന് അവിസ്മരണീയ അനുഭവങ്ങൾ കായികപ്രേമികൾക്ക് സമ്മാനിക്കുമെന്ന് അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ പ്രത്യാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.