ജിദ്ദ: ഫലസ്തീനിൽ ഇസ്രായേലിെൻറ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇതിനായി വിവിധ രാജ്യങ്ങളുമായി ആശയവിനിമയം നടത്തിവരുകയാണെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. അൽഅറബിയ ചാനലിനു നൽകിയ പ്രസ്താവനയിലാണ് സൗദി വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം ഉടനെ അവസാനിപ്പിക്കണം.
ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കൊപ്പമാണ് സൗദി അറേബ്യ. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഫലസ്തീൻ രാഷ്ട്രമുണ്ടാകണം. ഫലസ്തീൻ പ്രശ്നത്തിൽ അറബ് സംരംഭത്തിന് അനുസൃതമായി സ്ഥിരമായൊരു പരിഹാരത്തിലെത്തുകയാണ് സൗദി അറേബ്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീൻ, ഇസ്രായേൽ പോരാട്ടത്തിന് സമഗ്രമായ പരിഹാരമില്ലാതെ മേഖലയിൽ സ്ഥിരതയില്ല.
കിഴക്കൻ ജറൂസലമിലായാലും ഗസ്സയിലായാലും നിയമലംഘനങ്ങൾ നിർത്തലാക്കേണ്ടതുണ്ട്. ഗസ്സയിലെ വർധിച്ചുവരുന്ന ആക്രമണം തടയേണ്ട ആവശ്യകത അമേരിക്കയുടെ ഭാഗത്തുനിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാനായിട്ടുണ്ട്. ഇസ്രായേൽ കടന്നുകയറ്റം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്താൻ വിഷയത്തിലിടപെടുന്ന എല്ലാ രാജ്യങ്ങളുമായി ആശയവിനിമയം നടത്തിവരുകയാണ്. അതോടൊപ്പം ഇൗ രക്തച്ചൊരിച്ചിൽ എത്രയും വേഗം തടയാൻ പൊതുസമൂഹത്തോട് യു.എൻ ജനറൽ അസംബ്ലിയിൽ ആവശ്യപ്പെടുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.