റിയാദ്: രണ്ടര മാസമായി റിയാദിലെ ആശുപത്രിയിൽ കിടന്ന അജ്ഞാത ജഡം ഇന്ത്യാക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും ചേർന്ന് നാട്ടിലേക്ക് അയച്ചു. മൻഫുഅയിലെ അൽ-ഈമാൻ ആശുപത്രി മോർച്ചറിയിൽ കിടന്ന പഞ്ചാബിലെ പഞ്ചാവർ കുർദ്, താം തരൺ സ്വദേശിയായ സറബ്ജിത് സിങ്ങിന്റെ മൃതദേഹമാണ് ഒരുപാട് കടമ്പകൾ കടന്ന് നാട്ടിൽ ഉറ്റവരുടെ അടുത്തെത്തിയത്.
രോഗബാധിതനായി ആശുപത്രിയിൽ ചികിത്സ തേടിയ സറബ്ജിത് സിങ് ആഗസ്റ്റ് 20-നാണ് മരിച്ചത്. ഇഖാമയോ പാസ്പോർട്ടോ അടക്കം ഒരു ഔദ്യോഗിക രേഖയും കൈയ്യിലുണ്ടായിരുന്നില്ല. ഏത് രാജ്യക്കാരനാണെന്ന് പോലും അറിയാൻ കഴിയാഞ്ഞതിനാൽ അജ്ഞാതൻ എന്ന ലേബലിൽ മോർച്ചറിയിലേക്ക് മാറ്റപ്പെട്ടു. ആശുപത്രി അധികൃതരിൽനിന്ന് കിട്ടിയ റിപ്പോർട്ട് പ്രകാരം ശിഫ പൊലീസ് മൃതദേഹത്തിന്റെ വിരലടയാളം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യൻ പൗരനാണെന്നും പഞ്ചാബ് സ്വദേശി സറബ്ജിത് സിങ്ങാണെന്നും തിരിച്ചറിഞ്ഞത്.
ആശുപത്രിയിൽനിന്ന് വിവരം കിട്ടിയതിനെ തുടർന്ന് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വളൻറിയറും കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാനുമായ റഫീഖ് പുല്ലൂർ മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മുൻകൈയെടുത്തു. റിയാദിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സറബ്ജിത് സിങ്ങിന്റെ നാട്ടിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നു.
ഈ ഘട്ടത്തിലാണ് ജഡത്തെ ചൂഴ്ന്ന് ഒരുപാട് നിയമപ്രശ്നങ്ങളുണ്ടെന്ന് അറിയുന്നത്. സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിന്റെ രേഖയിൽ സറബ്ജിത് സിങ്ങിന്റെ സ്റ്റാറ്റസ് സൗദിക്ക് പുറത്ത് എന്നായിരുന്നു. നാടുകടത്തൽ (തർഹീൽ) കേന്ദ്രവുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ വിസ സംബന്ധിച്ച് ചില നിയമപ്രശ്നങ്ങളുണ്ടെന്ന് മനസിലായി. സൗദിയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഇയാൾ ആ വിസ റദ്ദാക്കി നാട്ടിൽ പോയശേഷം പുതിയ വിസയിൽ തിരിച്ചെത്തിയതായിരുന്നത്രെ. ഈ നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ച് മൃതദേഹം നാട്ടിൽ അയക്കാനുള്ള അടുത്ത നടപടിയിലേക്ക് കടന്നപ്പോൾ അടുത്ത പ്രശ്നം ഉയർന്നുവന്നു. ഇയാളുടെ പേരിൽ റിയാദ് ക്രിമിനല്‍ കോടതിയിലും പൊലീസിലുമായി അഞ്ച് കേസുകള്‍. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിവിധ സൗദി കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് ആ കേസുകളെല്ലാം തീർപ്പാക്കി എല്ലാ തടസ്സങ്ങളും നീക്കി.
തുടർന്ന് നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു. എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി അമൃത്സർ വിമാനത്താവളത്തിലാണ് എത്തിച്ചത്. സഹോദരന്‍ സത്നാം സിങ് മൃതദേഹം ഏറ്റുവാങ്ങി സ്വദേശമായ താം തരണിൽ സംസ്കരിച്ചു.
death_surbar sing_1
ഫോട്ടോ: സറബ്ജിത് സിങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.