തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ ബസ് സർവിസ് ആരംഭിക്കുന്നതിനുള്ള പൊതുഗതാഗത പദ്ധതിയുടെ കരാറിൽ ഒപ്പിട്ടു. സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) സി.ഇ.ഒ തുർക്കി അൽ സുബൈഹിയും തബൂക്ക് മേയർ എൻജി. ഹുസാം അൽ യൂസഫുമാണ് കരാറിൽ ഒപ്പുവെച്ചത്. തബൂക്ക് പ്രവിശ്യാ ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താന്റെ ഓഫിസിൽ നടന്ന ഒപ്പിടൽ ചടങ്ങിൽ ഗതാഗത, ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രിയും ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് ചെയർമാനുമായ ഡോ. റുമൈഹ് അൽ റുമൈഹും പങ്കെടുത്തു.
ഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകളിൽ 25 ശതമാനം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളായിരിക്കും. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയാണിത്. 128 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ നാല് റൂട്ടുകൾ ഉൾക്കൊള്ളുന്നു. നഗരത്തിലാകെ 106 സ്റ്റോപ്പിങ് പോയന്റുകൾ ഉണ്ടാവും. 23 ഡീസൽ ബസുകളും ഏഴ് ഇലക്ട്രിക് ബസുകളുമാണ് സർവിസ് നടത്തുക. 90 ഡ്രൈവർമാരുണ്ടാവും. പ്രതിദിനം 18 മണിക്കൂർ വരെ ബസുകൾ സർവിസ് നടത്തും.
രാജ്യത്തിന്റെ ഗതാഗത മേഖലക്ക് ഭരണകൂടം നൽകുന്ന പരിധിയില്ലാത്ത പിന്തുണ മേഖല ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ സൂചിപ്പിച്ചു. നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനം പ്രദാനം ചെയ്യുന്നതിനും റോഡ് സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും നഗരവാസികൾക്കും സന്ദർശകർക്കും ഒന്നിലധികം ഗതാഗത സൗകര്യങ്ങൾ നൽകുന്നതിനും നടത്തുന്ന ശ്രമങ്ങൾ ഗവർണർ ഊന്നിപ്പറഞ്ഞു.
ഈ പദ്ധതിക്ക് കുറഞ്ഞ പ്രവർത്തനച്ചെലവും ഗതാഗത ശൃംഖല പരിഷ്കരിക്കുന്നതിൽ ഉയർന്ന വഴക്കവും ഉണ്ടായിരിക്കുമെന്നും ചെലവേറിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നും ഗതാഗത ഡെപ്യൂട്ടി മന്ത്രി സൂചിപ്പിച്ചു. മേഖലയിലെ മന്ത്രാലയത്തിന്റെ പദ്ധതികൾക്ക് ലഭിക്കുന്ന താൽപര്യത്തിനും പിന്തുണക്കും തബൂക്ക് ഗവർണർക്ക് അദ്ദേഹം നന്ദി പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളും പദ്ധതിയിലുണ്ടെന്നത് പ്രത്യേകതയാണ്. ഇങ്ങനെയുള്ള രാജ്യത്തെ ആദ്യത്തെ പദ്ധതിയാണിത്.
താമസക്കാർക്ക് ഒന്നിലധികം ഗതാഗത സൗകര്യങ്ങൾ നൽകുന്നതിനും തബൂക്ക് നഗരത്തിലെ സുരക്ഷയും ജീവിത നിലവാരവും ഉയർത്തുന്നതിനും സഞ്ചാരം സുഗമമാക്കുന്നതിനും റോഡുകളിലെ ഗതാഗതക്കുരുക്കും കാർബൺ പുറന്തള്ളലും പരിസ്ഥിതി മലിനീകരണവും കുറക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് ഡെപ്യൂട്ടി മന്ത്രി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.