ജിദ്ദ: ജിദ്ദ മേഖലയിൽ പുതുതായി നിർമിച്ച നിരവധി വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. മക്ക ഗവർണർക്കുവേണ്ടി ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ആണ് ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് ചടങ്ങിൽ പങ്കെടുത്തു. 50 ദിവസത്തിൽ കവിയാതെ റെക്കോഡ് സമയത്തിനുള്ളിലാണ് ആധുനിക നിർമാണ സംവിധാനത്തോടെ വിദ്യാലയങ്ങളുടെ നിർമാണം പൂർത്തിയാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിദ്യാഭ്യാസത്തിന് ഉദാരമായ പിന്തുണയാണ് ഭരണകൂടം നൽകിവരുന്നതെന്നും മക്ക ഗവർണറും ഡെപ്യൂട്ടി ഗവർണറും അതീവ താൽപര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതവും ആകർഷകവുമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഏറ്റവും പുതിയ വാസ്തുവിദ്യാ രൂപകൽപനകൾക്കനുസൃതമായാണ് നിർമാണപദ്ധതികൾ നടപ്പാക്കിയത്. ജിദ്ദയിൽ ചേരികൾ നീക്കംചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം സംയോജിത പദ്ധതി വികസിപ്പിച്ചിട്ടുണ്ട്. എല്ലാ സർക്കാർമേഖലകളും തമ്മിൽ സഹകരണമുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 50,000 വിദ്യാർഥികൾക്കുവേണ്ടിയുള്ള 71 സ്കൂൾ നിർമാണപദ്ധതികളാണ് മൊത്തം പ്രഖ്യാപിച്ചിരുന്നത്. അതിൽ 25 പദ്ധതികളാണ് പൂർത്തീകരിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.