ബുറൈദ: റമദാൻ മൂന്നാമത്തെ പത്തിലേക്ക് കടന്നിട്ടും മറ്റിടങ്ങളിലെ പോലെ തന്നെ ഖസീം പ്രവിശ്യയിലും തികച്ചും മ്ലാനമായ അന്തരീക്ഷത്തിലാണ് ഇരവുപകലുകൾ കടന്നുപോകുന്നത്. പള്ളികളില്‍ നിന്നുള്ള ബാങ്കൊലികള്‍ മാത്രമാണ് കേള്‍ക്കാനാകുന്നത്. പതിവ് തറാവീഹ് നമസ്കാരവും മറ്റ് സംഘടിത നമസ്കാരങ്ങളും സമൂഹ നോമ്പുതുറകളും ഇല്ല. പകലുകള്‍ സന്തോഷഭരിതവും രാത്രികള്‍ പ്രകാശപൂരിതവും ആകുന്ന സാഹചര്യവും ഇക്കുറി ഖസീമിലും ഇല്ല. സ്വദേശികൾക്കിടയിൽ പോലും പെരുന്നാൾ പർച്ചേസിങ്ങിെൻറ ആവേശവും കാണാനില്ല. വിശ്വാസികളുടെ വസന്തകാലം പള്ളികളില്‍ കഴിഞ്ഞുകൂടാൻ പറ്റിയില്ലല്ലോ എന്നോർത്ത് പലരും വ്യാകുലപ്പെടുന്നു. ആകര്‍ഷണീയ ഖുര്‍ആന്‍ പാരായണത്തോടുകൂടിയ പള്ളികളിലെ രാത്രിനമസ്കാരം ഹൃദ്യമായി ആസ്വദിക്കാറുണ്ട്.
മനസ്സറിഞ്ഞ് പ്രാർഥന നടത്താനും ദൈവത്തിെൻറ മുന്നില്‍ ഉള്ളറിഞ്ഞ് പാപമോചനം തേടാനും ഈ വര്‍ഷം വീടുകളെ മാത്രം ആശ്രയിക്കുകയാണ് ഖസീമിലെയും വിശ്വാസികള്‍.
കോവിഡ് കാലമായതിനാല്‍ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമായതിനാല്‍ വീട്ടിനകത്തുതന്നെ റമദാന് ദിനരാത്രങ്ങള്‍ ഫലപ്രദമാക്കാന്‍ വിശ്വാസികള്‍ ഇപ്പോള്‍ നിര്‍ബന്ധിതരായി. സൗദിയിൽ തന്നെ പേരുകേട്ട വലിയ ഇഫ്താറുകളിലൊന്നാണ് ബുറൈദ ജനകീയ ഇഫ്താർ. ആയിരക്കണക്കിന് പ്രവാസികൾ ഒരുമിച്ചുകൂടുന്ന ഇൗ ഇഫ്താർ സംഗമം ബുറൈദക്കാർക്ക് ആവേശമായിരുന്നു. ബുറൈദയിലെ എല്ലാ സംഘടനകളെയും കോർത്തിണക്കിയുള്ള ഇഫ്താറിന് ആഴ്ചകളോളം നീണ്ട ഒരുക്കമായിരുന്നു. വിവിധ സാമൂഹിക സംഘടനകളുടെ ചെറുതും വലുതുമായ നിരവധി ഇഫ്താർ സംഗമങ്ങളാണ് ബുറൈദയിലെ മലയാളികൾക്ക് നഷ്ടമായത്. റമദാനിലെ എല്ലാ ദിവസവും എല്ലാ രാജ്യക്കാരും ഒത്തുകൂടുന്ന അൽരാജ്ഹി മസ്ജിദിലെ പ്രശസ്തമായ ഇഫ്താർ വിരുന്നിൽ ദിനേന 1500 ആളുകൾക്ക് വിഭവമൊരുക്കിയിരുന്നു. പെരുന്നാൾ നമസ്കാരങ്ങൾക്കും ആയിരക്കണക്കിന് വിശ്വാസികളാണ് കുടുംബസമേതം പങ്കെടുത്തിരുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ പള്ളികളും ടെൻറുകളിലും ഇഫ്താർ സംഗമങ്ങൾ ഇല്ലാത്തത് ഇഫ്താറിന് ടെൻറുകളെ ആശ്രയിച്ചിരുന്ന പ്രവാസികൾക്കിടയിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഖസീമിലെ ഇസ്ലാമിക സംഘടനകൾ ഓൺലൈൻ ക്ലാസുകളിലും സൂം മീറ്റിലും റമദാെൻറ സമയത്തെ ഉപയോഗപ്പെടുത്തുന്നു. വിവിധ സാംസ്കാരിക സംഘടനകൾ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്ന തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.