നിയോം: കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് നടക്കുന്ന വാക്സിനേഷൻ കാമ്പയിന് ഉൗർജം പകർന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വാക് സിനെടുത്തു. ഫൈസർ കമ്പനിയുടെ വാക്സിനാണ് രാജ്യത്തെ ജനങ്ങൾക്ക് നൽകിവരുന്നത്. ഇൗ വാക്സിൻ സംബന്ധിച്ച് ജനങ്ങളിൽ എന്തെങ്കിലും ആശങ്കകളോ സംശയങ്ങളോ അവശേഷിക്കുന്നുണ്ടെങ്കിൽ അതുകൂടി ദൂരീകരിക്കാൻ കിരീടാവകാശി വാക്സിൻ കുത്തിവെപ്പെടുത്തത് സഹായമാകുമെന്ന് വിലയിരുത്തപ്പെടുന്നു. വാക്സിൻ കുത്തിവെപ്പെടുത്താണ് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ ഇൗ കാമ്പയിന് തുടക്കം കുറിച്ചത്. തുടർന്ന് പതിനായിരത്തിലേറെ ആളുകൾ കുത്തിവെപ്പെടുത്തു. അതിനിടയിലാണ് വെള്ളിയാഴ്ച കിരീടാവകാശി വാക്സിെൻറ ആദ്യ ഡോസ് എടുത്തത്.
രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും പ്രതിരോധ കുത്തിവെപ്പുനൽകാനുള്ള ആരോഗ്യമന്ത്രാലയത്തിെൻറ പ്രവർത്തനങ്ങളിൽ കിരീടാവകാശി കാണിക്കുന്ന അതീവ താൽപര്യത്തിനും നിരന്തരമായ മാർഗനിർദേശത്തിനും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. കോവിഡിെൻറ തുടക്കം മുതൽ അതിനെ നേരിടുന്നതിൽ രാജ്യം കൈവരിച്ച നേട്ടം വിഷൻ 2030െൻറ പ്രധാന നയങ്ങളിലൊന്നിെൻറ വിപുലീകരണമാണ്. ചികിത്സയേക്കാൾ പ്രതിരോധമാണ് നല്ലത് എന്നതാണ് മന്ത്രാലയത്തിെൻറ നയം. പ്രതിരോധ മുൻകരുതൽ നടപടികൾ ശക്തമാക്കുക, മനുഷ്യ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകുക, സുരക്ഷിതവും അന്തർദേശീയവുമായ അംഗീകാരമുള്ള വാക്സിൻ ലഭ്യമാക്കുകയും നിശ്ചിത സമയത്തിനുള്ളിൽ പൗരന്മാർക്കും പ്രവാസികൾക്കും നൽകുക തുടങ്ങിയവ നടപ്പാക്കുക എന്നീ പ്രവർത്തനങ്ങളിലാണ് മന്ത്രാലയം ശ്രദ്ധയൂന്നിയിരുന്നത്. ഇതെല്ലാം കോവിഡിനെ നേരിടുന്ന ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി സൗദി അറേബ്യയെ മാറ്റിയതായും ആരോഗ്യ മന്ത്രി പറഞ്ഞു.
കിരീടാവകാശി കോവിഡ് പ്രതിരോധ വാക്സിനെടുത്തത് നല്ലൊരു മാതൃകയാണെന്നും അതിലൂടെ രാജ്യത്തെ പൗരന്മാരെ വാക്സിനെടുക്കാൻ പ്രോത്സാഹിപ്പിക്കുകയാെണന്നും മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു. സൗദി അറേബ്യ കോവിഡ് വാക്സിൻ ലഭ്യമാക്കിയ ആദ്യ രാജ്യങ്ങളിലൊന്നാണ്. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്. പകർച്ചവ്യാധികളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും ഏറ്റവും പ്രധാനവും ശക്തവുമായ ചുവടുവെപ്പാണിതെന്നും വക്താവ് പറഞ്ഞു.
ജിദ്ദ: രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 60 ശതമാനം ആളുകൾ വാക്സിൻ കുത്തിവെപ്പെടുത്തുകഴിഞ്ഞാൽ കോവിഡ് മുൻകരുതൽ നടപടികൾ കുറക്കുമെന്ന് ആരോഗ്യമന്ത്രാലയം.വാക്സിനേഷൻ കാമ്പയിൻ വിജയിച്ചാൽ മുൻകരുതൽ കുറക്കാൻ കഴിയുമെന്നും പക്ഷേ അതിന് സമയമെടുക്കുമെന്നും മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഹാനി ജൂഖ്ദാർ പറഞ്ഞു.
ജനുവരിയിൽ രാജ്യത്തെ എല്ലാ പട്ടണങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കും. നിലവിലെ സ്ഥിതിയിൽ അടുത്ത വർഷം പകുതി വരെ മുൻകരുതൽ നടപടികൾ ഇപ്പോഴുള്ളതുപോലെ തുടരേണ്ടിവരും. ജൂണിന് മുമ്പ് കോവിഡ് മുൻകരുതലായി നിശ്ചയിച്ച മാസ്ക് അണിയുക തുടങ്ങിയ നടപടികളിൽ നിന്ന് ഒഴിവാകാൻ കഴിയുമെന്ന് കരുതുന്നില്ല.
വാക്സിനേഷൻ കാമ്പയിൻ ശക്തമായി തുടരുന്നു. ലോക ചരിത്രത്തിലും സൗദി അറേബ്യയുടെ ചരിത്രത്തിലും ഏറ്റവു വലിയ പ്രതിരോധ കുത്തിവെപ്പ് കാമ്പയിനാണിത്. ലോകം മുഴുവൻ ഇത്തരത്തിലുള്ള വാക്സിനേഷൻ കാമ്പയിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.ജിദ്ദയിൽ വ്യാഴാഴ്ച തുറന്ന വാക്സിനേഷൻ കേന്ദ്രത്തിൽ ദിവസവും 30,000 പേരെ സ്വീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.