ഉപഭോക്തൃ സേവന ജോലികളിൽ ഇനി സൗദി പൗരന്മാർ മാത്രം; നിയമം പ്രാബല്യത്തിൽ

ജിദ്ദ: സൗദി അറേബ്യയിലുടനീളം ഉപഭോക്തൃ സേവന തൊഴിലുകളിലെ (കസ്റ്റമർ സർവിസ്) സമ്പൂർണ സ്വദേശിവത്കരണം നടപ്പായി. നിയമരംഗത്തെ തൊഴിലുകളുടെ സ്വദേശിവത്കരണം രണ്ടാംഘട്ടവും പ്രാബല്യത്തിലായി. ഈ തൊഴിലുകൾ സ്വദേശിവത്കരിക്കാൻ തീരുമാനിച്ച സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു.

രാജ്യത്തെ പൗരന്മാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും മാനവ വിഭവശേഷി മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് നടപടി. ‘വിഷൻ 2020’ അനുസരിച്ച് സാമ്പത്തിക മേഖലയിൽ സ്വദേശികളുടെ സംഭാവന വർധിപ്പിക്കുകയാണ് ലക്ഷ്യം. ഈ വർഷം ജൂൺ 22നാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി സ്വദേശിവത്കണ തീരുമാനം പ്രഖ്യാപിച്ചത്.

ഉപഭോക്തൃ സേവന തൊഴിലുകൾ 100 ശതമാനം സ്വദേശിവത്കരിക്കാനായിരുന്നു തീരുമാനം. വിവിധ കമ്പനികളുടെ ഉപഭോക്തൃ സേവനം പുറംകരാർ ജോലിയായി ചെയ്യുന്ന കാൾ സെൻറർ പോലുള്ളവയടക്കം എല്ലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. ഇതിലൂടെ ഈ രംഗത്തെ 4,000 തൊഴിലവസരങ്ങളാണ് സ്വദേശികൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ലീഗൽ കൺസൾട്ടിങ് സ്ഥാപനങ്ങളിലേതടക്കം നിയമരംഗത്തെ തൊഴിലുകളിൽ 70 ശതമാനം സ്വദേശിവത്കരണമാണ് രണ്ടാംഘട്ടമായി നടപ്പാക്കുന്നത്.

മാനേജർ, സൂപർവൈസർ പോലുള്ളവയടക്കം ഈ രംഗത്തെ വിവിധ തൊഴിലുകളിലാണ് സ്വദേശിവത്കരണം ഏർപ്പെടുത്തുന്നത്. നിയമ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം ജൂണിലാണ് മാനവവിഭവശേഷി മന്ത്രി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ലീഗൽ കൺസൾട്ടിങ് ജോലികളുടെ 50 ശതമാനമായിരുന്നു സ്വദേശിവത്കരിച്ചത്. അത് കഴിഞ്ഞവർഷം ഡിസംബറിലാണ് നടപ്പായത്. ഇപ്പോൾ രണ്ടാംഘട്ടത്തിൽ 20 ശതമാനം കൂടി ഉയർത്തി 70 ശതമാനമാക്കി.

നിയമോപദേശകർ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും നിയമ സ്ഥാപനങ്ങളും ലീഗൽ കൺസൾട്ടൻസി ഓഫിസുകളും ഈ നിയമത്തിന്‍റെ പരിധിയിൽ വരും. പൊതു സംവിധാനങ്ങൾക്കുള്ള നിയമോപദേശകൻ, സ്വകാര്യ സംവിധാനങ്ങൾക്കുള്ള നിയമോപദേശകൻ, കരാർ വിദഗ്ധൻ, നിയമകാര്യ ക്ലർക്ക് എന്നീ ജോലികൾ ഇതിലുൾപ്പെടും. ബാച്ചിലേഴ്സ് ബിരുദധാരികൾക്ക് 5,500 റിയാലാണ് കുറഞ്ഞ വേതനമായി നിശ്ചയിച്ചിരിക്കുന്നത്. 5,500 ലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇരു സ്വദേശിവത്കരണ തീരുമാനങ്ങളുടെയും വിശദാംശങ്ങളും അവ നടപ്പാക്കുന്നതിനുള്ള സംവിധാനവും വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. പുതിയ നിയമം പാലിക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയമനടപടിയും പിഴ ശിക്ഷയുമുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Customer service jobs are now limited to Saudi nationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.