ദമ്മാം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ ഉൾക്കൊണ്ട് പ്രവാസികളെ വോട്ടിന് നാട്ടിലെത്തിക്കാൻ ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി വോട്ടു വിമാനം ഏർപ്പെടുത്തിയതായി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിമാനം വ്യാഴാഴ്ച പുലർച്ചെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. നൂറിൽപരം യാത്രക്കാർ വോട്ടുചെയ്യാനായി യാത്ര ചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസ ലോകത്ത് ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. വോട്ട് രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക്, നിയോജക മണ്ഡലം തല സർവേകൾ, കൺവെൻഷനുകൾ, സോഷ്യൽ മീഡിയ കാമ്പയിനുകൾ, മാധ്യമ വിചാരം സെമിനാർ, നാഷനൽ കെ.എം.സി.സി വൺ കാൾ വൺ വോട്ട് കാമ്പയിൻ പരിപാടികൾ സംഘടിപ്പിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയയും, ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി നേതാക്കളും യാത്രക്കാർക്കൊപ്പം നാട്ടിലേക്ക് തിരിക്കുന്നുണ്ട്. യാത്രക്കാരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട നിർധനരായ, വോട്ട് ചെയ്യാൻ താൽപര്യമുള്ളവരെ സൗജന്യമായി വോട്ടു വിമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി നേതാക്കളായ കെ.പി. ഹുസൈൻ, ജൗഹർ കുനിയിൽ, ബഷീർ ആലുങ്ങൽ, സഹീർ മജ്ദാൽ, മുഷ്താഖ് പേങ്ങാട്, മുഹമ്മദ് കരിങ്കപ്പാറ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.