ജുബൈൽ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ ലഹരി വസ്തുവുമായി ബന്ധമുള്ള 13 പേർ അറസ്റ്റിലായി. റിയാദ്, ജീസാൻ, ജിദ്ദ, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ വ്യത്യസ്‌ത റെയ്ഡുകളിൽ മയക്കുമരുന്നും തോക്കുകളും അനധികൃതമായി കൈവശം വെച്ചതിനാണ് അറസ്റ്റ്.
ജീസാൻ മേഖലയിലെ അൽ അർദ ഗവർണറേറ്റിലെ അതിർത്തി സുരക്ഷാസേന പട്രോളിങ് നടത്തുന്നതിനിടെ ഏഴ് യമനി പൗരന്മാരാണ് ലഹരി വസ്തു കടത്താൻ ശ്രമിച്ചതിന് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ പിടിയിലായത്. ഇതേ മേഖലയിൽ തന്നെ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് സൗദി പൗരന്മാരും അറസ്റ്റിലായി. ജീസാൻ സുരക്ഷാ പട്രോളിങ് വിഭാഗം, ഹാഷിഷ് കടത്താനുള്ള ചില ശ്രമങ്ങൾ പരാജയപ്പെടുത്തി. ഇവരിൽനിന്ന് ഒരു തോക്ക് പിടിച്ചെടുക്കുകയും ചെയ്തു.
ജിദ്ദയിൽ മെതാംഫെറ്റാമിൻ (ഷാബു) എന്ന മയക്കുമരുന്ന് വിറ്റതിന് പ്രദേശവാസിയും പാകിസ്താനിയും അറസ്റ്റിലായി. തബൂക്കിൽ ആംഫെറ്റാമൈൻ വിറ്റതിനും കിഴക്കൻ പ്രവിശ്യയിൽ സാമൂഹിക മാധ്യമങ്ങളിൽ കഞ്ചാവ് പ്രദർശിപ്പിച്ചതിനും ഓരോ സ്വദേശി പൗരന്മാർ പിടിയിലായി. സുരക്ഷാ കാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. മയക്കുമരുന്ന് ആസക്തിയെയും അതില്ലാതാക്കുന്നതിനെയും കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും ലഹരി വിരുദ്ധ വിദ്യാഭ്യാസം നൽകുന്നതിനുമായി ആരോഗ്യ മന്ത്രാലയത്തിന് ഒരു ഓൺലൈൻ പോർട്ടലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.