ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ വിപത്തുകളിലൊന്നായ മയക്കുമരുന്നിനെതിരെ സൗദി അറേബ്യ ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ്. കർശനമായ നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. ക്രിമിനൽ സംഘങ്ങളെ തടയാൻ പഴുതടച്ച സംവിധാനങ്ങളാണ് ഒരുക്കുന്നത്. അതുമായി ബന്ധപ്പെട്ട് നിരന്തരം സാങ്കേതികവിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കുറ്റകൃത്യങ്ങളുടെ ഉറവിടം ഇല്ലാതാക്കാനും അതിെൻറ അപകടങ്ങൾ കുറക്കാനുമുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ സൗദിയും പങ്കാളിയാകുന്നു.
എല്ലാതരം കുറ്റകൃത്യങ്ങളെയും സൗദിഅറേബ്യ ശക്തമായി കൈകാര്യം ചെയ്തിട്ടുണ്ട്. രാജ്യത്തിെൻറ സുരക്ഷക്ക് ഹാനികരമാകുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്ന ഏതൊരാളെയും ഉരുക്കുമുഷ്ടികൊണ്ട് തടഞ്ഞിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സുരക്ഷാരംഗത്ത് ധാരാളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭരണാധികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പിന്തുണയും രാജ്യത്തിനകത്തും അതിർത്തികളിലുമുള്ള സമഗ്രമായ സുരക്ഷാപരിരക്ഷയും ഇല്ലാതെ ഇതു സാധ്യമാകുമായിരുന്നില്ല.
ഒന്നര വർഷത്തിനിെട 108 ദശലക്ഷത്തിലധികം മയക്കുമരുന്നുഗുളികകൾ പിടിച്ചെടുത്തതായി കസ്റ്റംസ് അതോറിറ്റി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കള്ളക്കടത്തുകാരെ ശക്തമായി നേരിടുകയും കള്ളക്കടത്തുശ്രമം വിഫലമാക്കുകയും ചെയ്ത പ്രവർത്തനങ്ങൾ ഏറെ വിലമതിക്കുന്നതാണ്. കസ്റ്റംസ് ജീവനക്കാരെക്കുറിച്ച് രാജ്യം അഭിമാനംകൊള്ളുകയാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.