ദമ്മാം: ഈസ്റ്റർ ആഘോഷിച്ച് സൗദിയിലെ പ്രവാസി സമൂഹം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ക്രിസ്ത്യൻ പ്രവാസികൾക്ക് ആശംസകളുമായി സൗദി സമൂഹവുമെത്തി. സമൂഹങ്ങൾക്കിടയിൽ സഹവർത്തിത്വവും സൗഹാർദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ നീക്കങ്ങളോട് ചേർന്ന് സൗദിയിൽ പ്രവാസികൾ ആഘോഷിക്കുന്ന വ്യത്യസ്ത ആഘോഷങ്ങളെക്കുറിച്ച് അറിയാനും അതിനോടൊപ്പം പങ്കുചേരാനും സ്വദേശികളും അടുത്തിടെ ഏറെ താൽപര്യം കാട്ടുന്നുണ്ട്. അത് ഈസ്റ്റർ ആഘോഷത്തിലും പ്രകടമായിരുന്നു.
മുസ്ലിം വേൾഡ് ലീഗ് അധ്യക്ഷൻ ശൈഖ് ഡോ. മുഹമ്മദ് അൽ-ഇസ കഴിഞ്ഞ ഡിസംബറിൽ, ക്രിസ്ത്യാനികൾക്ക് ആശംസകൾ അറിയിക്കുന്നതിൽ നിന്ന് മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ശരീഅത്ത് നിയമത്തിലില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത വിശ്വാസികളെ അവരുടെ ആഘോഷാവസരങ്ങളിൽ അഭിനന്ദിക്കുന്നത് ഇസ്ലാമിെൻറ മാനുഷികവും സൗഹാർദപരവുമായ മുഖത്തെ പ്രതിഫലിപ്പിക്കുന്നതാണന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം ആശംസകളിലൂടെ ലോകത്ത് സഹവർത്തിത്വവും ഐക്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു കാലത്താണ് നമ്മൾ ഉള്ളതെന്നും അന്നദ്ദേഹം വ്യക്തമാക്കി.
ഈസ്റ്റർ ആഘോഷവുമായി ബന്ധപ്പെട്ട അലങ്കാര വസ്തുക്കൾ വിൽക്കുന്ന നിരവധി കടകൾ ഇത്തവണ സൗദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിദേശികൾക്കൊപ്പം സ്വദേശികളും ഇത്തരം അലങ്കാര വസ്തുക്കൾ വാങ്ങാൻ താൽപര്യം കാണിച്ചതായി വ്യാപാരികൾ പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‌സ മാൾ, മാൾ ഓഫ് ദഹ്‌റാൻ, അൽനഖീൽ ദമ്മാം മാൾ എന്നിവയുൾപ്പെടെ രാജ്യത്തെ പല സ്ഥലങ്ങളിലും പ്രവർത്തിക്കുന്ന ഷോപ്പുകളിൽ എഗ്ഗ് ഹണ്ട് അവാർഡുകൾ, മുട്ട കളർ ചെയ്യാനുള്ള ഇനങ്ങൾ, ബണ്ണി ബാസ്‌ക്കറ്റുകൾ, മതിൽ അലങ്കാരങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടെ ഈസ്റ്റർ ചൈതന്യം ഉൾക്കൊള്ളുന്ന നിരവധി വസ്തുക്കൾ ഇത്തവണ വ്യാപകമായി വിറ്റുപോയി.
ദി വ്യൂ മാളിലും റിയാദിലെ അൽ നഖീൽ മാളിലും ജിദ്ദയിലെ മാൾ ഓഫ് അറേബ്യയിലും സമാനമായ രീതിയിൽ ഷോപ്പുകളിൽ ഈ വസ്തുക്കൾ വിറ്റു. ഈസ്റ്റർ ഡിന്നറിൽ പ്രിയപ്പെട്ട ഇനമായ മട്ടൻ, അരി, തൈര് എന്നിവ ഉപയോഗിച്ച് നിർമിച്ച പരമ്പരാഗത വിഭവം മൻസഫ് റിയാദിലെ റസ്റ്റോറൻറുകളിൽ വ്യാപകമായി വിറ്റഴിഞ്ഞു. റിയാദിലെ അൽകോഫിയ റെസ്റ്റോറൻറ്, ബെയ്റ്റ് ഉമർ, ഷാമയ, അവാനി, അൽ മൻസഫ് റെസ്റ്റോറൻറ്, ബെയ്ത് അൽ മൻസഫ് എന്നിവിടങ്ങളിലാണ് ഈ വിഭവം അണിനിരന്നത്. റൊട്ടിയിൽ ചുട്ടുപഴുപ്പിച്ച കോഴിയിറച്ചിയുടെ ഫലസ്തീൻ വിഭവമായ മുസാഖാൻ തുടങ്ങിയ ഈസ്റ്റർ വിഭവങ്ങളും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ റെസ്റ്റോറൻറുകൾ തയ്യാറാക്കിയിരുന്നു.
പരമ്പരാഗത ഭക്ഷണങ്ങൾ പങ്കുവെക്കുമ്പോൾ ക്രിസ്ത്യൻ അറബ് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുള്ള അവസരങ്ങൾ കൂടിയാണ് ലഭ്യമാകുന്നത്. കൂടാതെ കുടുംബങ്ങൾ പരസ്പരം മുട്ടകൾ, മധുരപലഹാരങ്ങൾ, മറ്റ് പലഹാരങ്ങൾ എന്നിവ നിറച്ച ഈസ്റ്റർ കൊട്ടകൾ പരസ്പരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.