ജിദ്ദ: മദീനയിൽ ഇലക്ട്രിക് ബസുകൾ സർവിസ് തുടങ്ങി. വിമാനത്താവള ഓപറേഷൻ നടത്തുന്ന ത്വയ്യിബ കമ്പനിയും വിമാനത്താവള യാത്ര സർവിസിങ്ങിനായുള്ള അൽഅമദ് സഊദി കമ്പനിയും ചേർന്നാണ് പൂർണമായും ഇലക്ട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ബസുകളുടെ സർവിസ് ആരംഭിച്ചത്. സൗദിയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ബസുകളാണിത്. വിമാനത്താവളത്തിലെ യാത്രക്കാരെ കൊണ്ടുപോകാനാണ് ഉപയോഗിക്കുക. വിഷൻ 2030ന് അനുസൃതമായി ശുദ്ധമായ ഊർജത്തെ ആശ്രയിക്കുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്. അമേരിക്കക്ക് പുറത്ത് 'ലീഡ്' സർട്ടിഫിക്കറ്റിന്റെ എല്ലാ ആവശ്യകതകളും പൂർത്തിയാക്കുകയും യു.എൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ അംഗീകരിക്കുകയും ചെയ്ത ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് മദീന അന്താരാഷ്ട്ര വിമാനത്താവളം എന്നത് ശ്രദ്ധേയമാണ്. ബസിന്റെ നീളം ഏകദേശം ഒമ്പത് മീറ്ററാണ്. ഒരു വട്ടം ചാർജ് ചെയ്താൽ 300 കിലോമീറ്ററിലധികം സഞ്ചരിക്കാം. ചാർജ് ചെയ്യാൻ രണ്ടു മണിക്കൂറിലധികം സമയമെടുക്കും. മോടിയുള്ളതും ഭാരം കുറഞ്ഞതുമായ അലുമിനിയം ഫ്രെയിം ബസിന്റെ സവിശേഷതയാണ്. ബാറ്ററി ലൈഫ് വർധിപ്പിക്കുന്നതിന് സവിശേഷമായ വാട്ടർ കൂളിങ് സംവിധാനമുണ്ട്. ബസിന്റെ അകത്ത് അത്യാധുനികവും കാര്യക്ഷമവുമായ എയർ കണ്ടീഷനിങ് സംവിധാനമാണ്. യാത്രയുടെ എല്ലാ വിശദാംശങ്ങളും കാണിക്കുന്ന ഡിസ്പ്ലേ സ്ക്രീനുകളുമുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങളും സംവിധാനങ്ങളും ബസിനകത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.