യാംബു: സൗദിയിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷചട്ടങ്ങളും ലംഘിക്കുന്നവരെ കണ്ടെത്താൻ കർശന പരിശോധന വിവിധ ഭാഗങ്ങളിൽ തുടരുന്നു. നിയമലംഘനം നടത്തിയ 9,600 പേരെ ഒരാഴ്ചക്കിടെ നാടുകടത്തി. ഏകദേശം 16,500 പേരെ മൊത്തം പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷ വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലാണ് ഇത്രയധികം പേർ അറസ്റ്റിലായത്. താമസ നിയമലംഘനം നടത്തിയ 9,900, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച 4,600, തൊഴിൽ നിയമലംഘനം നടത്തിയ 1,920 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ വിഭാഗങ്ങൾ തിരിച്ച എണ്ണം.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,244 പേർ അറസ്റ്റിലായി. ഇവരിൽ 37 ശതമാനം യമനികളും 60 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരുകയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ടു നിൽക്കുകയും ചെയ്ത മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 20,700 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്.
പിടികൂടപ്പെട്ടവരിൽ 12,200 പേരുടെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 2,931 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശിപാർശ ചെയ്തു. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതര കുറ്റമാണ്. ഇങ്ങനെ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്നും നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങളും അനധികൃത താമസത്തിന് ഉപയോഗിച്ച ഭവനങ്ങളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.